കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ടിന്റെ വലതുകര വലിയ കനാല്‍ തകര്‍ന്നു; ഉരുള്‍പൊട്ടലിന് സമാനമായി കല്ലുംമരങ്ങളും ഒഴുകി; വടകര താലൂക്കിലേക്കുള്ള ജലമൊഴുക്ക് നിര്‍ത്തിവെച്ചു


കുറ്റ്യാടി: മരുതോങ്കരയില്‍ വലതുകര കനാല്‍ തകര്‍ന്ന് വീടുകളില്‍ വെള്ളംകയറി. ഇന്നലെ രാത്രിയാണ് കനാല്‍ തകര്‍ന്നത്. പെരുവണ്ണാമൂഴി ഡാമിന്റെ കനാലിലേക്കുള്ള ഷട്ടര്‍ അടച്ച് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചിട്ടുണ്ട്.

കനാല്‍ തകര്‍ന്നതോടെ ഉരുള്‍പൊട്ടലിന് സമാനമായി മണ്ണും മരങ്ങളും വെള്ളത്തിനൊപ്പം ഒഴുകി. സമീപത്തെ അഞ്ച് വീടുകളില്‍ വെള്ളം കയറി. രണ്ടുവീട്ടുകാരെ ഒഴിപ്പിച്ചു. സമീപത്തെ റോഡിലും കൃഷിയിടങ്ങളിലും വെള്ളം കയറി. വലിയ തോതിലുളള കൃഷിനാശവുമുണ്ടായി.

നാല്‍പ്പത്തിയഞ്ചിലേറെ വര്‍ഷം പഴക്കമുള്ളതാണ് കനാല്‍. കോണ്‍ക്രീറ്റ് ഉള്‍പ്പെടെയുള്ള ഭാഗം ദ്രവിച്ചതും ദ്വാരങ്ങള്‍ വന്നതും ബലക്ഷയത്തിന് കാരണമായി. എല്ലാവര്‍ഷവും തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടായിരുന്നു. ഈ പ്രാവശ്യം കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതുകാരണം മണ്ണും മരങ്ങളും അടിഞ്ഞുകൂടിയത് കനാലിലെ വെള്ളം ഉയരാന്‍ ഇടയാക്കിയിരുന്നു.

കനാല്‍ തകര്‍ന്നതോടെ വടകര താലൂക്കിലേക്കുള്ള ജലമൊഴുക്ക് നിര്‍ത്തിവെച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.