അപകടാവസ്ഥയിലുള്ള വീടുകള്‍ ഏറ്റെടുക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക; പ്രതിഷേധം കടുപ്പിച്ച്‌ കുന്ന്യോറമല നിവാസികള്‍


കൊല്ലം: കുന്ന്യോറമലയിൽ ദേശീയപാതയുടെ അശാസ്ത്രീയ നിർമാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ നടത്തിവരുന്ന സമരതുടര്‍ച്ചയുടെ ഭാഗമായി അദാനിയുടെ ഓഫീസിലേക്ക് മാർച്ചും ധര്‍ണയും നടത്തി. അദാനി ഓഫീസ് പരിസരത്ത്‌ നടന്ന രാവിലെ നടന്ന വിശദീകരണയോഗത്തിൽ കൗൺസിലർ സുമതി തിരുവോണം അദ്ധ്യക്ഷത വഹിച്ചു.

കഴിഞ്ഞ കുറേ നാളുകളായി കുന്ന്യോറമല പ്രദേശവാസികള്‍ സമരവുമായി രംഗത്തുണ്ട്‌. അപകടാവസ്ഥയിലുള്ള വീടുകള്‍ ഏറ്റെടുക്കുക, ഗതാഗത സൗകര്യം പുനസ്ഥാപിക്കുക, സോയില്‍ നൈലിങ് ശാശ്വതമായ പരിഹാരമല്ല, അവിടെ കോണ്‍ക്രീറ്റ് വാള്‍ നിര്‍മ്മിച്ച് സുരക്ഷ ഉറപ്പുവരുത്തുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വെച്ചത്. വിഷയത്തില്‍ വരും ദിവസങ്ങളില്‍ എന്‍.എച്ച്.ഐ അധികൃതരുമായി ചര്‍ച്ച നടത്താനാണ് അദാനി ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതെന്ന് കൗണ്‍സിലര്‍ സുമതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വിവിധ രാഷ്ട്രീയ പ്രധിനിധികൾക്കുവേണ്ടി എൻ.കെ ഭാസ്കരൻ, നടേരി ഭാസ്കരൻ, നഗരസഭ കൗൺസിലർ വൈശാഖ്, ഇ.എസ് രാജൻ, പത്മനാഭന്‍ കൊല്ലം, വി.ടി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സനിത്ത് മാളവിക സ്വാഗതവും പ്രഭീഷ് പാവുവയൽ നന്ദിയും രേഖപെടുത്തി.

മണ്ണിടിച്ചില്‍ പ്രതിരോധിക്കാനുള്ള സോയില്‍ നെയിലിങ് പ്രവൃത്തി ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടുത്തിടെ
നിര്‍ത്തിവെച്ചിരുന്നു. മണ്ണിടിച്ചില്‍ പ്രതിരോധിക്കാനെന്ന പേരില്‍ മണ്ണിടിഞ്ഞ ഭാഗത്ത് ആഴത്തില്‍ കമ്പി താഴ്ത്തി കോണ്‍ക്രീറ്റ് മിശ്രിതം ഒഴിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയായിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഈ പ്രവൃത്തി നടത്തിയ ഭാഗങ്ങളില്‍ വീടുകള്‍ക്ക് വിള്ളലും കിണര്‍ വെള്ളം ഉപയോഗ ശൂന്യവുമായതോടെ ജനങ്ങള്‍ പ്രതിഷേധവുമായെത്തിയിരുന്നു.