മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം; സമ്മാനത്തിന് പുറമെ വിദഗ്ധ പരിശീലനവും; വിശദാംശങ്ങൾ അറിയാം


കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുചുകുന്ന് യൂണിറ്റ് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഉത്സവാഘോഷങ്ങൾക്കിടെ പകലോ രാത്രിയോ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയ ദൃശ്യമാണ് മത്സരത്തിനായി അയക്കേണ്ടത്.

വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രത്യേകമായാണ് മത്സരം നടക്കുക. മുചുകുന്നിന് പുറത്തുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ, എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ, പ്രായപരിധിയില്ലാതെ പൊതുജനങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.

മത്സരത്തിനായുള്ള ചിത്രങ്ങൾ 9544170775 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യണം. മാർച്ച് 16 വരെ ചിത്രങ്ങൾ അയക്കാം. എഡിറ്റ് ചെയ്യാത്ത ചിത്രങ്ങൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾക്ക് പുറമെ ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും വിദഗ്ധപരിശീലനവും നൽകുമെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് മുചുകുന്ന് യൂണിറ്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9544170775