കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/03/2022)


ഡയറക്ടറി പ്രിന്റിങ്: ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ടൂറിസം ഡയറക്ടറി, ടെലഫോൺ ഡയറക്ടറി എന്നിവയുടെ ഡിസൈനിങ്, പ്രിന്റിങ് എന്നിവ നിർവഹിക്കുന്നതിന് ജില്ലയിലെ പ്രധാന സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. അവസാന തീയതി – മാർച്ച് 14 വൈകീട്ട് 4 മണിവരെ. അന്നേദിവസം വൈകീട്ട് 5 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. വിവരങ്ങൾക്ക് ഫോൺ: 0495 2370225

ഗതാഗതം നിരോധിച്ചു

കൂടത്തായി-കോടഞ്ചേരി റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 10 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. കോടഞ്ചേരി ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കുന്ന വാഹനങ്ങൾ ഓമശ്ശേരി-കോടഞ്ചേരി റോഡുവഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം, തിരുത്തിയാട് കോഴിക്കോട് സെന്ററിന്റെ കീഴിലുളള കലവറ വഴി 8 എംഎം കമ്പിയുടെ ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 14 വൈകീട്ട് മൂന്ന് വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2772394, 8111882869

ജില്ലാ വികസന സമിതി യോഗം 26ന്

കോഴിക്കോട് ജില്ലാ വികസന സമിതിയുടെ മാർച്ച് മാസത്തെ  യോഗം 26ന്  രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീഡിയോ കോൺഫറൻസ് വഴി ചേരും.

യുജിസി നെറ്റ് കോച്ചിങ്

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് വടക്കഞ്ചേരിയിൽ യുജിസി നെറ്റ് കോച്ചിങ് ക്ലാസ്സുകൾ നടത്തുന്നു. ഓൺലൈൻ ക്ലാസ്സുകൾ മാർച്ച് 21 മുതൽ  ആരംഭിക്കും.

ഹ്യുമാനിറ്റിസ് – പേപ്പർ I  ഫീസ്  5000  രൂപ + 18 ശതമാനം ജി.എസ്.ടി
കോമേഴ്സ് – പേപ്പർ II ഫീസ് 15000 + 18 ശതമാനം ജി.എസ്.ടി

പി.ജിയ്ക്ക് പഠിക്കുന്നവർക്കും പിജി കഴിഞ്ഞവർക്കും കോഴ്സിന് ചേരാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9495069307, 8547005042, 8547233700.

ഭിന്നശേഷി മെഡിക്കൽ  സർട്ടിഫിക്കറ്റ്: കുന്ദമംഗലം മണ്ഡലത്തിൽ പ്രത്യേക ക്യാമ്പ് നടത്തും

ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കുന്ദമംഗലം മണ്ഡലത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഭിന്നശേഷി വിഭാഗത്തിനുള്ള സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എം.എൽ.എ പി.ടി.എ റഹീം വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഭിന്നശേഷി വിഭാഗത്തിൽപെട്ടവർ തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് യുണീക് ഡിസബിലിറ്റി ഐ.ഡി (യു.ഡി.ഐ.ഡി) കാർഡോ, ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ കിട്ടാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയിൽപെട്ടതിനാലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തത്.

വിവിധ  വകുപ്പുകളുടെ ഏകോപനവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും മറ്റ് ഭൗതിക സാഹചര്യങ്ങളും മെഡിക്കൽ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമാണ്. സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നത്.

എം.എൽ.എ പി.ടി.എ റഹീം യോഗം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി പുൽക്കുന്നുമ്മൽ, പുലപ്പാടി ഉമ്മർ, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ പി റംല, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ വി.പി.എ സിദ്ധീഖ്, ദീപ കാമ്പുറത്ത്, ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, ശബ്‌ന റഷീദ്, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം രഞ്ജിത്, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.എം മനോജ്, ഡോ. ആർ രേഖ, ഡോ. കെ.എം ദീപ, ഡോ. ഒ.പി ശിവകുമാർ, ഡോ. ഹസീന കരീം തുടങ്ങിയവർ പങ്കെടുത്തു.

അരിപ്പാപ്പുറം മജ്‌ലിസ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

പെരുമണ്ണ, പെരുവയൽ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അരിപ്പാപ്പുറം മജ്‌ലിസ് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്. പെരുമണ്ണ ഭാഗത്ത് നിന്ന് പൂവാട്ടുപറമ്പ് വഴിയല്ലാതെ പെരുവയൽ കല്ലേരി ഭാഗത്തേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗ്ഗം കൂടിയാണിത്.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ദീപ കാമ്പുറത്ത്, എം.എ പ്രതീഷ്, കെ പ്രേമദാസൻ, വിനോദ് മങ്ങത്തായ, പി.എം കൃഷ്ണൻ, രവി പാലാഞ്ചേരി, പി.പി ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ സീമ ഹരീഷ് സ്വാഗതവും എം. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

‘എനർജിയ’ എൻ.എസ്.എസ് ശിൽപശാലക്ക് തുടക്കം

ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം കോഴിക്കോട് സൗത്ത് ജില്ല നടത്തുന്ന ‘എനർജിയ’ 2022 ശില്പശാലയുടെ ഉദ്ഘാടനം എംഎൽഎ പി.ടി.എ റഹീം നിർവഹിച്ചു. ഊർജ സംരക്ഷണ, ഇ-മാലിന്യ നിർമാർജ്ജന ശിൽപശാലയാണ് എനർജിയ. വിദ്യാർത്ഥികൾ എൻജിനീയറിങ് സ്ഥാപനങ്ങളിൽ നിന്ന് നേടിയെടുക്കുന്ന നൈപുണ്യം സമൂഹത്തിന് ഉപകാരമാകുമ്പോഴാണ് അധ്യയന ലക്ഷ്യം പൂർത്തീകരിക്കുകയുള്ളൂവെന്ന് കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ എംഎൽഎ പറഞ്ഞു.

ആദ്യ ഘട്ടത്തിൽ ജില്ലയിലെ സൗത്ത് സോണിൽപ്പെട്ട 74 സ്‌കൂളിലെ 225 പേർക്കാണ് പരിശീലനം നൽകുന്നത്. ഇവിടെ നിന്ന് പരിശീലനം ലഭിച്ച വിദ്യാർത്ഥികൾ കോളേജ് എൻ.എസ്.എസിന്റെ സഹകരണത്തോടെ അതാത് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക്  പരിശീലനം നൽകുന്നതാണ് പദ്ധതി. കേടായ എൽ.ഇ.ഡി ബൾബ് നിഷ്പ്രയാസം നന്നാക്കാനും നിർമ്മിക്കാനും പരിശീലിപ്പിക്കുന്നുണ്ട്. എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ എം.കെ ഫൈസൽ, ഡോ. എം.വി സബീന, ഡോ. ഷാഹിർ, ക്ലസ്റ്റർ കോഡിനേറ്റർ സില്ലി ബി.കൃഷ്ണൻ, ഒ.കെ ഇസ്മയിൽ, ഡോ. നമൃത തുടങ്ങിയവർ പങ്കെടുത്തു.