പയ്യോളിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: അയനിക്കാട് സ്വദേശിയെ രാത്രിയോടെ വീട്ടിലെത്തി പിടികൂടി പോലീസ്, പ്രതിയുടെ വീട് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ കത്തിച്ച് അജ്ഞാതര്‍; തീയിട്ടതില്‍ പ്രതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്


പയ്യോളി: പയ്യോളി പോക്സോ കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട് കത്തിച്ച കേസില്‍ പയ്യോളി പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി മജീദിന്റെ പരാതിയിലാണ് വീട് കത്തിച്ചതിന്റെ പേരില്‍ കേസെടുത്തത്. കസ്റ്റഡിയിലുള്ള ഇയാളെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടാണ് ഇവര്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് വീടിനു തീ പിടിച്ചതായി വിവരമെത്തുന്നത്.

പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അയല്‍ വീട്ടുകാരാണ് ശബ്ദം കേട്ട് ആദ്യം എത്തിയത്. ഇവര്‍ തീയണക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം പോലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സംഘത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലം വൈകാതെ തീയണഞ്ഞു.

പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്ന് രാവിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വീട് തീയിട്ട സംഭവത്തിൽ മജീദ് പരാതി നല്‍കുകയും പയ്യോളി പോലീസ് കേസെടുക്കുകയും ചെയ്തു.

രണ്ടര സെന്റിലെ ഓടുമേഞ്ഞ വീടിനു തീയിട്ടതാരാണെന്നു ഇനിയും വ്യക്തമല്ല. തീയിട്ടതില്‍ വീടിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്നിക്കിരയായി. ഉള്ളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നശിച്ച നിലയിലാണ്.