‘അടുത്ത തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് ഏഴു സീറ്റ് നേടും, അതിലൊന്നാകും കൊയിലാണ്ടി’; തൃക്കാക്കരയിലെ വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് മധുരം വിതരണം ചെയ്തും, പടക്കം പൊട്ടിച്ചും ആനന്ദ നൃത്തമാടിയും ജനങ്ങൾ ആഘോഷിക്കുകയായിരുന്നു, തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്സിന്റെ വമ്പൻ വിജയത്തിൽ. തൃക്കാക്കരയിലെ വിജയം കോൺഗ്രസിന് മാത്രമല്ല, കേരളത്തിന് മുഴുവൻ പ്രതീക്ഷകൾ നൽകുകയാണെന്നും അടുത്ത ഇലക്ഷനിൽ കൊയിലാണ്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്നും വിജയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു

‘തൃക്കാക്കര വിജയം മതേതര ശക്തികളുടെ വിജയമാണ്. വർഗ്ഗിയമായി സമുദായങ്ങളെ വേർതിരിച്ച ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭാഗിയത സൃഷ്ടിക്കാൻ ശ്രമിച്ച സംസ്ഥാന ഭരണകൂടത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ എൽ.ഡി.എഫിന്റെ പരാജയം’.

‘കേരളമെന്നും മതേതരതത്തിനായി നിൽക്കുന്ന മണ്ണാണ്. മതേതരത്വം കാത്തു സൂക്ഷിക്കുവാൻ യു.ഡി.എഫിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും കേരളം തൃക്കാക്കരയിൽ വിധിയെഴുതി. ഇത് ഭാവി കേരളത്തിന്റെ ഒരു ചൂണ്ടു പലകയാണ്. മതേതരത്വം മുറുകെ പിടിച്ചു കൊണ്ടുള്ള പോരാട്ടവും പ്രവർത്തനവുമായി കേരളത്തിൽ അതിശക്തമായി കേരളം മുന്നോട്ടു പോകും. പി.ടി തോമസ് തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ അതിലും ഗംഭീരമായി ഉമ തോമസ് മുന്നോട്ടു കൊണ്ടുപോകും’ പ്രവീൺ കുമാർ പറഞ്ഞു.

‘കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഒരു കുഴപ്പവുമുണ്ടായിട്ടില്ല, അപ്രതീക്ഷിതമായി കേരളീയ ജനത ചെയ്ത വിഡ്ഢിത്തമാണ് പിണറായി വിജയൻറെ രണ്ടാം സർക്കാർ. അതുകൊണ്ട് കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ ഒന്നും തകർന്നിട്ടില്ല. എന്നാൽ തൃക്കാക്കരയിലെ വിജയം കോൺഗ്രസിന്റെ തിരിച്ചു വരവിന് വേഗതയും ശക്തിയും കൂട്ടുമെന്ന് യാതൊരു സംശയവുമില്ല. അതിശക്തമായ സംഘടനാ പ്രവർത്തനത്തിലൂടെയും അതിലേറെ ശക്തമായ പോരാട്ടത്തിലൂടെയും അച്ചടക്കത്തോടെയും ഐക്യത്തോടെയും കൂടെ കേരളത്തിലെ കോൺഗ്രസ് അതിശക്തമായി തിരിച്ചു വരുമെന്നും പ്രവീൺ കൂട്ടിച്ചേർത്തു.

‘അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്ന് ഏഴു യു.ഡി.എഫ് എം.എൽ.എ മാരുണ്ടാകും, അതിൽ കൊയിലാണ്ടിയിൽ നിന്നുള്ള എം.എൽ.എ യു.ഡി.എഫുകാരനായിരിക്കും. ആ രീതിയിലുള്ള പ്രവർത്തനവുമായി കോഴിക്കോട് യു.ഡി.എഫ് മുന്നോട്ടു പോകുന്നു. മിനിമം ഏഴു സീറ്റ് എന്നതാണ് കോഴിക്കോട് യു.ഡി.എഫിന്റെ ലക്ഷ്യം’.

സി.യു.സി യുടെ രൂപീകരണം ജില്ലയിൽ പൂർത്തികരണ ഘട്ടത്തിലാണെന്നും ജൂലൈ അവസാനത്തോടെ എല്ലാ മണ്ഡലങ്ങളിലും സി.യു.സി രൂപീകരണം പൂർത്തിയാക്കുമെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് നേടി യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വിജയം കൊയ്തത്. 25016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.