ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നതിനിടെ അപകടത്തിൽപെട്ട ചരക്ക് ബോട്ടിനെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി


കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനിടെ അപകടത്തിൽപെട്ട ചരക്ക് ബോട്ടിനെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. എം.വി.എസ് ബിലാലെന്ന ചരക്ക് ബോട്ടിനാണ് കഴിഞ്ഞ ദിവസം കോസ്റ്റ് ഗാർഡ് രക്ഷകരായത്.

എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ബോട്ട് കടലിലകപ്പെട്ടു. ബോട്ടിൽ വെള്ളം കയറിത്തുടങ്ങിയതോടെ ബോട്ട് ജീവനക്കാർ രക്ഷയ്ക്കായി സഹായം തേടുകയായിരുന്നു. എട്ട് ജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

മേഖലയിൽ പട്രോൾ നടത്തുകയാരുന്ന വിക്രം എന്ന തീര സംരക്ഷണ സേനാ കപ്പൽ ബോട്ടിൽ നിന്നുള്ള സഹായാഭ്യർത്ഥന ശ്രദ്ധയിൽ പെട്ട ഉടൻ ബോട്ടിനടുത്തെത്തി. കൂടാതെ സേനയുടെ മറ്റൊരു പെട്രോളിങ്ങ് ബോട്ടായ C-404 നെയും സഹായത്തിനായി അവിടെ എത്തിച്ചു.

തുടർന്ന് സേനയുടെ ടെക്നിക്കൽ വിഭാഗം ബോട്ടിന്റെ ചോർച്ച തടയുകയും വൈകിട്ടോടെ ബോട്ടിനെ വലിച്ചു കെട്ടി തീരത്തെത്തിക്കുകയും ചെയ്തു. തീരസംരക്ഷണ സേനയുടെ സമയോചിതമായ ഇടപെടലിനാലാണ് മുങ്ങി പോകുമായിരുന്ന ബോട്ടിനെയും എട്ടു ജീവനക്കാരെയും രക്ഷപ്പെടുത്തുവാൻ സാധിച്ചത്.