‘ആത്മാര്‍ഥത മുഖമുദ്രയാക്കിയ നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകൻ’; അന്തരിച്ച യു.രാജീവൻ മാസ്റ്ററെ കൊയിലാണ്ടി ത്രിവര്‍ണ അനുസ്മരിച്ചു


മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ മാസ്റ്റര്‍ നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ

കൊയിലാണ്ടി: ആത്മാര്‍ഥത മുഖമുദ്രയാക്കിയ നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു യു.രാജീവന്‍ മാസ്റ്ററെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ അനുസ്മരിച്ചു. കൊയിലാണ്ടി ത്രിവര്‍ണ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമന്യേ സാധാരണ ജനങ്ങളെ പരിഗണിക്കുകയും തനിക്ക് ലഭ്യമായ സ്ഥാനങ്ങള്‍ എല്ലാം സാമൂഹ്യ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത നേതാവായിരുന്നു രാജീവന്‍ മാസ്റ്ററെന്ന് അദേഹം കൂട്ടി ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റടുത്ത് നടത്തിയ രാജീവന്‍ മാസ്റ്റര്‍ പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാത്യകയാണന്ന് അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ രാജേഷ് കീഴരിയൂര്‍ ആധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ ചന്ദ്രശേഖരന്‍ തിക്കോടി അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ അരവിന്ദന്‍, പി.രത്‌നവല്ലി, വി.ടി സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, നടേരി ഭാസ്‌കരന്‍, അഡ്വ കെ.പി. നിഷാദ്, പി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.