‘എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും?’ ‘എല്ലിന്റെ ഡോക്ടര്‍ ലീവല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാവും” കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി-ശബ്ദരേഖ കേൾക്കാം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാവുമെന്ന് അന്വേഷിച്ച സ്ത്രീയോട് ജീവനക്കാരി ധിക്കാരപരമായി മറുപടി നല്‍കുന്ന ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ‘ഡോക്ടര്‍ ലീവല്ലാത്ത ദിവസമുണ്ടാകും’ എന്ന പരിഹാസവും ധിക്കാരവും കലര്‍ന്ന മറുപടിയാണ് ജീവനക്കാരി നല്‍കുന്നത്.

വിളിച്ചയാള്‍ ‘ഇന്ന് ഉണ്ടാവുമോ’യെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 2630142 എന്ന ആശുപത്രിയിലെ നമ്പറില്‍ വിളിച്ചുനോക്ക് എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ മറുപടി നല്‍കിയത് ആശുപത്രി ജീവനക്കാരിലൊരാള്‍ തന്നെയാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ നിന്നും ഈ ഓഡിയോ സന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ട് കാര്യം തിരക്കിയിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിച്ചശേഷം മറുപടി നല്‍കാമെന്നാണ് സൂപ്രണ്ട് അറിയിച്ചത്. സൂപ്രണ്ടില്‍ നിന്നും വിശദീകരണം ലഭിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും പ്രജില അറിയിച്ചു.