കൊയിലാണ്ടിക്കാരന്റെ ബാറ്റിങ് കരുത്തില്‍ വിറങ്ങലിച്ച് നോര്‍ത്ത് സോണ്‍; ദുലീപ് ട്രോഫി സെമി ഫൈനലില്‍ രോഹന്‍ എസ്. കുന്നുമ്മലിന് സെഞ്ച്വറി


കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊയിലാണ്ടി സ്വദേശി രോഹന്‍ എസ് കുന്നുമ്മലിന് സെഞ്ച്വറി. സൗത്ത് സോണ്‍ ടീമിന് വേണ്ടി ബാറ്റേന്തിയ രോഹന്‍ ഒന്നാം ദിവസത്തെ മത്സരം ചായയ്ക്ക് പിരിയുമ്പോള്‍ 212 പന്തുകളില്‍ നിന്നായി 136 റണ്‍സാണ് അടിച്ചെടുത്തത്. നോര്‍ത്ത് സോണ്‍ ടീമിനെയാണ് ദുലീപ് ട്രോഫിയുടെ രണ്ടാം സെമിയില്‍ സൗത്ത് സോണ്‍ നേരിടുന്നത്.

ടോസ് നേടിയ സൗത്ത് സോണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ ആ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു രോഹന്റെ പ്രകടനം. രോഹന് ഒപ്പമുള്ള ബാറ്റര്‍മാരും മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും റണ്‍സ് മൂന്നക്കം കടത്തിയത് രോഹന്‍ മാത്രമാണ്.

നിലവില്‍ ഹനുമ വിഹാരിയാണ് രോഹന് കൂട്ടായി ബാറ്റിങ്ങിനുള്ളത്. 150 പന്തുകളില്‍ നിന്നായി 68 റണ്‍സാണ് ഹനുമ നേടിയത്. എഴുപത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സാണ് സൗത്ത് സോണിന്റെ സ്‌കോര്‍. 59 പന്തില്‍ 49 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് സൗത്ത് സോണിന് നഷ്ടമായത്.

തമിഴ്‌നാട്ടിലെ സേലത്തുള്ള ക്രിക്കറ്റ് ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിലാണ് ഈ തെക്ക്-വടക്ക് സെമി പോരാട്ടം നടക്കുന്നത്.

ആദ്യ സെമിയില്‍ വെസ്റ്റ് സോണ്‍ ടീം സെന്‍ട്രല്‍ സോണിനെ നേരിടുകയാണ്. കോയമ്പത്തൂരിലെ എസ്.എന്‍.ആര്‍ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കുന്നത്. രണ്ട് സെമി ഫൈനലുകളിലെയും വിജയികള്‍ തമ്മിലാണ് ദുലീപ് ട്രോഫിക്കായി ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടുക.