പൊന്നുമോളെ നേരിൽ കാണണം, ലാളിക്കണം, ആ​ഗ്രഹം പൂർത്തിയാക്കാതെ സുരേഷ് ബാബു വിടവാങ്ങി; സൗദി അറേബ്യയിൽ അന്തരിച്ച കുറുവങ്ങാട് സ്വദേശിക്ക് യാത്രാമൊഴിയേകി നാട്


കൊയിലാണ്ടി: ഭാര്യയ്ക്കും കുഞ്ഞിനും സുഹൃത്തുക്കൾക്കുമരികിലേക്ക് വീണ്ടും തിരികെയെത്തി, സമ്മാനമായി മിഠായികളോ പെർഫ്യുമോ ഒന്നുമില്ലാതെ നിശ്ചലനായി. സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ച കുറുവങ്ങാട് കക്രാട്ട്കുന്ന് കുന്നുമ്മല്‍ സുരേഷ് ബാബുവിന്റെ മൃതദേഹം സംസ്ക്കരിച്ചു. ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച് പൊതു ദ​ർശനത്തിന് വെച്ച ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.

ഭാര്യ ​ഗർഭിണിയായിരിക്കെ ഒരു വർഷം മുമ്പാണ് സുരേഷ് വീണ്ടും പ്രവാസ ജീവിതത്തിലേക്ക് കടന്നതത്. ആദ്യത്തെ കൺമണി ഋധിക ജനിച്ചെങ്കിലും നേരിൽ കാണാൻ സുരേഷിന് സാധിച്ചിരുന്നില്ല. കുഞ്ഞിനെ നെഞ്ചോട് ചേർക്കാനും മതിവരുവോളം ലാളിക്കാനുമുള്ള ആ​ഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോ​ഗം. ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 11-നായിരുന്നു മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്നു സുരേഷ്. സ്വന്തമായി വീടും നിർമ്മിച്ചു. വിവാഹ ശേഷമാണ് വീണ്ടും പ്രവാസത്തിലേക്ക് കടക്കുന്നത്. മകൾ പിറന്നതോടെ കുഞ്ഞിനെ കാണാനുള്ള കൊതിയിലായിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം കവർന്നത്.

കുഞ്ഞിക്കണ്ണന്‍റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ലത. ആറു മാസം പ്രായമായ ഋധിക ഏകമകളാണ്. സഹോദരങ്ങള്‍: ശ്യാമള, പ്രമീള.