ചില ചിത്രങ്ങൾ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്; പഴയ പയ്യനാട് മുൻസിഫ് കോടതിക്ക് 1913 ൽ പുതിയ കെട്ടിടമുയർന്നപ്പോൾ മുൻസിഫും ജീവനക്കാരുമെല്ലാം ചേർന്ന് കോടതി മുറ്റത്തു നിന്നൊരു ഫോട്ടോയെടുത്തു, കൊയിലാണ്ടി കോടതിയിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രം ഇതാ, ഒപ്പം ആ ‘മാവ് മുത്തശ്ശി’യുടെ യൗവന കാലവും കാണാം


സ്വന്തം ലേഖിക

ര്‍മ്മകളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് ഫോട്ടോകള്‍, ചിലപ്പോള്‍ അത് ചില ചരിത്രങ്ങളെ കൂടി അടയാളപ്പെടുത്തും, ആ ഫോട്ടോഗ്രാഫര്‍ പോലും അറിയാതെ. അങ്ങനെയൊരു ചിത്രം പരിചയപ്പെടുത്താം, നൂറ്റിപ്പത്ത് കൊല്ലം മുമ്പുള്ള കൊയിലാണ്ടിയുടെ അടയാളം സൂക്ഷിച്ച ചിത്രം.

കൊയിലാണ്ടിയിലെ കോടതിക്ക് മുമ്പില്‍ നിന്നും 1913 ല്‍ എടുത്തുതെന്ന് കരുതുന്ന ഈ ചിത്രം അവിടെ ജോലി ചെയ്ത ഒരുപാട് പേരുടെ പുതുതലമുറകളെ അവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളിലേക്ക് അടുപ്പിച്ചിരിക്കുകയാണ്. അഭിഭാഷകനായ കെ.ടി ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെ ഈ ചിത്രം പങ്കുവെച്ചത്. സുഹൃത്തായ ചെങ്ങോട്ടുകാവ് കീരന്‍കുന്നാരി ഗംഗാധരന്‍ നായരുടെ വീട്ടില്‍വെച്ച് യാദൃശ്ചികമായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ട ഈ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു.

പഴയ പയ്യനാട് മുന്‍സീഫ് കോടതി അതായത് ഇന്നത്തെ കൊയിലാണ്ടി കോടതിക്ക് 1913ല്‍ പുതിയ കെട്ടിടമുണ്ടായപ്പോള്‍ കോടതിയിലെ ജീവനക്കാരും മുന്‍സീഫുമെല്ലാം ഒരുമിച്ച് നിന്നെടുത്ത ഫോട്ടോയാണിതെന്നാണ് പറയപ്പെടുന്നതെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘അന്നത്തെ കോടതിയിലെ പ്യൂണുമാരെയൊക്കെ ഡഫേദാര്‍മാര്‍ എന്നാണ് വിളിച്ചിരുന്നത്. ആ കാലഘട്ടത്തില്‍ ധരിച്ചിരുന്ന തലത്തിലുള്ള വേഷങ്ങളാണ് ഈ ഫോട്ടോയിലുള്ളവരും ധരിച്ചിരിക്കുന്നത്. ക്രോസ് ബെല്‍ട്ടും തൊപ്പിയുമൊക്കെ കാണാവുന്നതാണ്. അതിനാല്‍ ചിത്രം ആ കാലഘട്ടത്തിലേത് തന്നെയായിരിക്കണം.’ അദ്ദേഹം പറഞ്ഞു.

ഗംഗാധരന്‍ നായരുടെ ഭാര്യയുടെ അച്ഛന്റെ അച്ഛന്‍ ഈ ചിത്രത്തിലുണ്ടെന്ന് പറഞ്ഞാണ് കാണിച്ചുതന്നത്. അതിനാലാം ഈ ഫോട്ടോ അവര്‍ സൂക്ഷിച്ചുവെക്കുന്നത്. ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ തങ്ങളുടെ ബന്ധുക്കളും ഇതിലുണ്ടെന്ന് പറഞ്ഞ് മറ്റുചിലരും വിളിച്ചിരുന്നു. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ വിശ്വന്‍ എന്ന പ്യൂണുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്‍ കണ്ണന്‍നായര്‍ ഈ ചിത്രത്തിലുണ്ടെന്ന് പറയുന്നുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. കോഴിക്കോടുള്ള പീതാംബര്‍ സ്റ്റുഡിയോയാണ് ഈ ചിത്രം പകര്‍ത്തിയത്.

പീതാംബര്‍ സ്റ്റുഡിയോ പകർത്തിയ ചിത്രം


ഇന്നും പഴയ പ്രൗഢിയോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന കൊയിലാണ്ടിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടമാണ് പഴയ സ്റ്റാന്റിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന കോടതി സമുച്ചയം. 1913ലാണ് ഇന്നുകാണുന്ന ഈ കെട്ടിടത്തില്‍ കോടതി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ചുറ്റുമുള്ള മരങ്ങളെല്ലാം അതിലും ഉയരെ വളര്‍ന്നപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ലാതെ പഴമയുടെ ഭംഗിയും ഒട്ടേറെ ചരിത്രങ്ങളും ചേര്‍ത്തുപിടിച്ച് ആ കെട്ടിടം അവിടെയുണ്ട്.

കൊയിലാണ്ടി കോടതിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് അതിന് മുന്‍ഭാഗത്തുള്ള മാവ്. ആ മാവിന്‍ ചുവട്ടില്‍ നിന്നാണ് ഈ ചിത്രമെടുത്തതെന്ന് കരുതാം. ദിവസവും കോടതിയിലെത്തുന്ന നൂറുകണക്കിന് ആളുകള്‍ക്ക് തണലും കുളിരുമാണ് ഈ മാവ്. അന്ന് ഫോട്ടോയുടെ ബാഗ്രൗണ്ടില്‍ നിറയെ ഇലകളുമായി ആ കുഞ്ഞുമാവ് കാണാം. കോടതി മുറ്റത്ത് പടുകൂറ്റന്‍ അറബി പുളി മരം കൂടിയുണ്ടായിരുന്നു. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ മുമ്പ് അത് മുറിച്ചുമാറ്റുകയായിരുന്നു.

നൂറ്റിപ്പത്ത് വര്‍ഷങ്ങള്‍മുമ്പ് കോടതി മുറ്റത്തുനിന്നും ഈ ചിത്രം പകര്‍ത്തിയ പീതാംബര്‍ സ്റ്റുഡിയോയിലെ ആ ഫോട്ടോഗ്രാഫര്‍ ഒരിക്കലും സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല, വര്‍ഷങ്ങള്‍ക്കുശേഷം തങ്ങള്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരുതലമുറയ്ക്ക് ഓര്‍മ്മകള്‍ പങ്കുവെക്കാനും, ചരിത്രമറിയാനും, ചര്‍ച്ച ചെയ്യാനുമുള്ള ഒന്നാകും ഈ ചിത്രമെന്ന്.

Content Highlights / English Summary: Group photo of Koyilandy munsif court staffs in 1913 taken by Peethambar studio Kozhikode. It is a rare photo.