നായയെ പിടിക്കുന്നതിനും കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമായി നായ ഒന്നിന് 500 രൂപ വീതം, ഒരാഴ്ച കൊണ്ട് മുഴുവൻ വളർത്തു നായകൾക്കും വാക്‌സിനേഷൻ, അക്രമ സ്വഭാവമുള്ള തെരുവ് നായ്ക്കളെ അഭയ കേന്ദ്രങ്ങിലേക്ക്; തെരുവ് നായ ശല്ല്യം നിയന്ത്രിക്കാൻ വിപുലമായ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: വിദ്യാർത്ഥികൾ മുതൽ വയോധികർ വരെ, വിവിധ പ്രായത്തിലുള്ളവർ തെരുവ് നായയുടെ അക്രമത്തിനിരയായ സാഹചര്യത്തിൽ നിയന്ത്രം കൊണ്ട് വരാൻ വിപുലമായ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ. ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗം വിവിധ പദ്ധതികൾ തയ്യാറാക്കി.

രാവിലെ സ്കൂളിലേക്കും ജോലി സ്ഥലത്തേക്കും ഏറെ ഭീതിയോടെ പോകേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ആക്രമണം ഏതു സമയത്തും എവിടെ നിന്നും ഉണ്ടാകാവുന്ന സാഹചര്യമാണ്. ദിനം പ്രതി തെരുവ് നായ ശല്ല്യം കൂടി വന്നതോടെയാണ് നഗരസഭ ശക്തമായ നിയന്ത്രണ മാർഗ്ഗങ്ങളുമായി മുന്നിട്ടിറങ്ങിയത്. നായയെ പിടിക്കുന്നതിനും കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമായി നായ ഒന്നിന് 500 രൂപവീതം നഗരസഭ നൽകും.

യോ​ഗത്തിൽ നഗരസഭയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും ഒരാഴ്ച കൊണ്ട് വാക്സിൻ നൽകാൻ തീരുമാനിച്ചു. നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കൾക്കും ഒക്ടോബർ 20 നുള്ളിൽ വാക്സിൻ നൽകുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി.

തെരുവുനായ ശല്യം രൂക്ഷമായ സ്ഥലങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിക്കും. അക്രമ സ്വഭാവമുള്ള തെരുവുനായ്ക്കളെ അഭയ കേന്ദ്രങ്ങിലേക്ക് മാറ്റുന്നതിന് സംവിധാനമുണ്ടാക്കും. വാക്സിനേഷനായും അഭയ കേന്ദ്രങ്ങളിലേക്കും നായ്ക്കളെ മാറ്റുന്നതിന് നായ പിടുത്തക്കാരുടെ ഗ്രൂപ്പ് ഉണ്ടാക്കാനും യോ​ഗത്തിൽ ധാരണയായി.

തെരുവുനായ അക്രമണം കാരണം ജനങ്ങളിൽ ഉണ്ടാകുന്ന ഭീതി അകറ്റുവാനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. കർമ്മ പരിപാടികൾ നടപ്പിലാക്കുന്നതിനായി കുടുംബശ്രീ, സ്ക്കൂൾ അധികാരികൾ, ആരോഗ്യ വിഭാഗം, റസിഡൻസ് അസോസിയേഷൻ, വ്യാപാരികൾ തുടങ്ങി വ്യത്യസ്ത മേഖലകളിലെ യോഗങ്ങൾ വിളിച്ചു ചേർക്കും. സ്കൂൾ പരിസരങ്ങളും കുട്ടികൾ പോകുന്ന വഴികളും പ്രത്യേക ശ്രദ്ധ നൽകും. തെരുവുകളിൽ ശുചിത്വം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ സംവിധാനമുണ്ടാക്കാനും യോ​ഗം തീരുമാനിച്ചു.

നഗരസഭ കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിൽ പാർട്ടി ലീഡർമാർ, നഗരസഭ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, വെറ്റിനറി ഡോക്ടർ തുടങ്ങിയവർ സംസാരിച്ചു.