‘എല്ലിന്റെ ഡോക്ടര്‍ ഉണ്ടോ?” എന്നന്വേഷിച്ചും അസഭ്യം പറഞ്ഞും തുരുതുരാ കോളുകള്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരെ ബുദ്ധിമുട്ടിച്ച് ഒരുകൂട്ടം: പരാതിയുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാര്‍


കൊയിലാണ്ടി: എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെ ഉണ്ടാവും എന്നന്വേഷിച്ച രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി പെരുമാറിയ സംഭവത്തിനു പിന്നാലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സമാന ചോദ്യം ഉന്നയിച്ചും അസഭ്യം പറഞ്ഞും കോളുകള്‍. കഴിഞ്ഞ രണ്ടുദിവസമായി ഇതേ ചോദ്യം ചോദിച്ചും ചീത്തവിളിച്ചും അസഭ്യം പറഞ്ഞും നിരവധി പേരാണ് വിളിക്കുന്നതെന്നും ജീവനക്കാര്‍ ആകെ ബുദ്ധിമുട്ടിയ അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നിരുത്തരവാദപരമായി പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിയെ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയും ഇത്തരം കോളുകള്‍ തുടരുകയാണ്. ഇത് ഇവിടെ ഉത്തരവാദിത്തതോടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്ക് വിളിക്കുന്നവര്‍ക്കുപോലും ഫോണ്‍ കിട്ടാത്ത അവസ്ഥയുമുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു.

താലൂക്ക് ആശുപത്രിയില്‍ എല്ലിന്റെ ഡോക്ടര്‍ ഏതൊക്കെ ദിവസങ്ങളിലുണ്ടാവുമെന്ന് അന്വേഷിച്ച സ്ത്രീയോട് ജീവനക്കാരി ധിക്കാരപരമായി മറുപടി നല്‍കുന്ന ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ‘ഡോക്ടര്‍ ലീവല്ലാത്ത ദിവസമുണ്ടാകും’ എന്ന പരിഹാസവും ധിക്കാരവും കലര്‍ന്ന മറുപടിയായിരുന്നു ജീവനക്കാരി നല്‍കിയത്.

വിളിച്ചയാള്‍ ‘ഇന്ന് ഉണ്ടാവുമോ’യെന്ന് വീണ്ടും ചോദിച്ചപ്പോള്‍ 2630142 എന്ന ആശുപത്രിയിലെ നമ്പറില്‍ വിളിച്ചുനോക്ക് എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെ നഗരസഭ വിഷയത്തില്‍ ഇടപെടുകയും ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച ചെയ്ത് കുറ്റക്കാരിയായ ജീവനക്കാരിയെ പിരിച്ചുവിടാന്‍ തീരുമാനിക്കുകയുമായിരുന്നു.