പുഴയിൽ അകപ്പെട്ട സ്ത്രീയെ സാഹസികമായി രക്ഷിച്ചു ; മുഹമ്മദ് മിഥിലാജിന് കൊയിലാണ്ടി ഫയർ ഫോഴ്സിന്റെ ആദരംകൊയിലാണ്ടി: കോരപ്പുഴയിൽ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തിയ മുഹമ്മദ് മിഥിലാജിന് കൊയിലാണ്ടി ഫയർ ഫോഴ്സിന്റെ ആദരം. സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ മിഥിലാജിന്റെ വീട്ടിലെത്തി ഉപഹാരം കൈമാറി.

പുഴയിൽ അകപ്പെട്ട സ്ത്രീയെ തന്റെ ജീവൻ പണയം വച്ച് അതി സാഹസികമായി രക്ഷപ്പെടുത്തിയ മിഥിലാജ് ന്റെ സേവനം അഭിനന്ദനാർഹവും മാതൃകാപരവും ആണെന്ന് ഫയർ ഓഫീസർ പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസിൽ ചേരാൻ മിഥിലാജിനോട് നിർദ്ദേശിച്ചു. കൂടാതെ ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ പ്രദേശത്തുള്ളവരെ സജ്ജരാക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) കെ പ്രദീപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി കെ രാഗേഷ്, ഹോംഗാർഡ് എൻ സത്യൻ എന്നിവരും നാട്ടുകാരായ സി ടി രാഘവൻ , കെ വി ഗിരീഷ് ബാബു, എം എം മുസ്തഫ, ടിപി അർജുൻ, എന്നിവരും പങ്കെടുത്തു.