‘എ.കെ.ജിയെപ്പോലൊരു മഹാന്റെ നെഞ്ചോടു ചേര്‍ത്തുകൊണ്ടുള്ള എഴുത്തും ആ തുകയും വളരെ അമൂല്യമായിരുന്നു’ എ.കെ.ജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് കൊയിലാണ്ടി സ്വദേശി പി.കെ രഘുനാഥ്


ദ്യത്തെ ഓര്‍മ്മ 1969ല്‍ ഞങ്ങളുടെ സഹോദരിയുടെ വിവാഹത്തിന് എ.കെ.ജി. കൊടുത്തയച്ച ഒരു കവര്‍ അച്ഛന്‍ തുറന്ന് ഞങ്ങളെ കാണിച്ചു അച്ഛന്‍ ഒരു നിധി കിട്ടിയ സന്തോഷത്തിലായിരുന്നു. കവറിനുള്ളില്‍ ഒരു എഴുത്തും 20 രൂപയും അതിലെ വാചകം ഇങ്ങനെയായിരുന്നു… ‘സഖാവെ.., മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. പാര്‍ലിമെന്റ് സമ്മേളനമാണ് പിന്നീടൊരിക്കല്‍ വരാം. ചെറിയ ഒരു തുക ഇതോടൊപ്പം. (അന്നത്തെ 20 രൂപ യന്നാല്‍ – ഒരു പവന്‍ സ്വര്‍ണ്ണത്തിന് 90 രൂപയായിരുന്നു.) അച്ഛനെയും ഞങ്ങളെയും സംബന്ധിച്ചേടുത്തോളം തുകയുടെ മൂല്യമല്ല. എ.കെ.ജി.യെപ്പോലൊരു മഹാന്‍ നെഞ്ചോട് ചേര്‍ത്തു കൊണ്ടുള്ള എഴുത്തും ആ തുകയും വളരെ വളരെ അമൂല്ല്യമായിരുന്നു: നരിക്കുട്ടി മോഹനനെ ഏല്പിക്കുന്നു. പിന്നീട് കൊയിലാണ്ടിയില്‍ ഒരു വാഹന ജാഥയില്‍ പഴയ ബസ്റ്റാന്റില്‍ പ്രസംഗിക്കുന്ന എ.കെ.ജി.യെ ആണ് ഓര്‍ക്കുന്നത് പ്രസംഗം തുടങ്ങുന്നതിനു മുമ്പ് സഖാവ് തന്നെ പറയുകയാണ് അടുത്തതായി കെ.പി.ആര്‍. പണിക്കര്‍ ഒരു പാട്ടു പാടും ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ ആ പാട്ടിലൂടെ നിങ്ങള്‍ക്ക് വ്യക്തമാകും പിന്നെ ഞാന്‍ അധികം പറയേണ്ടതില്ലല്ലോ..

പണിക്കരുടെ വിപ്ലവ ഗാനത്തിനു ശേഷം സഖാവ് പ്രസംഗിച്ചു ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങളെല്ലാം വിശദീകരിച്ചു.
പിന്നീട് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അച്ഛനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കിയ സമയം ഞങ്ങള്‍ നാലോളം SFI ജില്ലാ കമ്മറ്റി അംഗങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ താമസിച്ചു കൊണ്ട് കോഴിക്കോട് ടൗണില്‍ പൊലീസിന്റ കണ്ണ് വെട്ടിച്ച് ‘ അടിയന്തിരാവസ്ഥ അറബിക്കടലില്‍ എന്ന പോസ്റ്റര്‍ പതിച്ച് ജില്ലാകമ്മിറ്റി ഓഫീസില്‍ കിടന്നുറങ്ങാന്‍ നേരം എ.കെ.ജി അവിടെയെത്തിയിരുന്നു ഞങ്ങളെ അരികിലേക്ക് ചേര്‍ത്തിരുത്തി ചോദിച്ചു. നിങ്ങള്‍ എന്തൊക്കയാണ് അടിയന്തിരാവസ്ഥക്കെതിരെ ചെയ്യുന്നത്? ഞങ്ങള്‍ വിശദീകരിച്ചു. പിന്നീട് സഖാവ് പറഞ്ഞു അതെല്ലാം നടക്കട്ടെ അതോടൊപ്പം കുശു കുശുക്കല്‍ പ്രസ്ഥാനമാരംഭിക്കണം വിവാഹ വീടുകളില്‍ മരണ വീടുകളില്‍ എല്ലാം ജനങ്ങളെ കാണുമ്പോള്‍ ചെവില്‍ മന്ത്രിക്കുക … നൂറ് കണക്കിന് നമ്മുടെ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നു. പത്ര സ്വാതന്ത്ര്യമില്ലാത്തതുകാരണം വാര്‍ത്തകളൊന്നും പുറത്തുവരുന്നില്ല.. എല്ലാവരെയും വിവരങ്ങള്‍ അറിയാക്കാന്‍ ഇതാണ് മാര്‍ഗ്ഗം. സഖാവിന്റ ചുരുങ്ങിയ സമയത്തെ സംസാരം ഞങ്ങള്‍ക്ക് വലിയ ആവേശമുണ്ടാക്കി..


പിന്നീടുള്ള ഓര്‍മ്മ അച്ഛനെ കാണാന്‍ ജയിലില്‍ ഒരു മാസം 5 മിനുട്ട് അനുവദിച്ചിരുന്നു. കാണണമെങ്കില്‍ ഫോട്ടോ വേണം അതോടൊപ്പ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ ഒപ്പും സീലും ഒര് പാര്‍ലിമെന്റ് മെമ്പറുടെ എഴുത്തും ഈ എഴുത്തിനുവേണ്ടി കേളുവേട്ടന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ആര്‍. കുഞ്ഞിരാമപൊതുവാളിന്റ വീട്ടില്‍ പോയി. അവിടെ സുഖമില്ലാതെ ക്ഷീണിതനായി വിശ്രമിക്കുന്ന എ.കെ.ജിയെ കണ്ടു. വന്ന കാര്യം പൊതുവാള്‍ വക്കില്‍ പറഞ്ഞു ഉടനെ അകത്തേക്ക് വരാന്‍ പറഞ്ഞു. ചാരു കസേരയില്‍ ഇരുന്ന് നീരുവന്ന കാല് ഒരു സ്റ്റൂളില്‍ കയറ്റി ഇരിക്കുന്ന കാഴ്ചയാണ് കണ്ടത്. വലിയ വിഷമം തോന്നി. ജയിലില്‍ കഴിയുന്ന അച്ഛന്റെ രോഗവിവരവും വീട്ടിലെ കാര്യങ്ങളുമൊക്കെ അന്വേഷിച്ചു. ഭാര്യ സുശീലാ ഗോപാലനോട് ലറ്റര്‍ പേഡ് എടുത്തു കൊടുക്കാന്‍ പറഞ്ഞു ആറോളം ബ്ലാങ്ക് ഷീറ്റില്‍ ഒപ്പും സീലും വച്ചതന്നു. അപ്പോള്‍ സുശീലാ ഗോപാലന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു അല്ലാ ഇങ്ങനെ ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് കൊടുക്കാമോ? ഉടനെ എ.കെ.ജിയുടെ മറുപടി ശങ്കരന്റ മകനല്ലെ? അവന്‍ എന്തു വേണമെങ്കിലും ചെയ്യട്ടെ … ഇല്ല ടോ

ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു … അത് അവസാനത്തെ കൂടികാഴ്ചയായിരുന്നു. പിന്നീട് സഖാവിന്റ ചേതനയറ്റ ശരീരമാണ് വിലാപയാത്രയില്‍ കാണാന്‍ കഴിഞ്ഞത്. ഇതു പോലൊരു നേതാവ് പിന്നീട് ഉണ്ടായിട്ടില്ല…. സഖാവേ… ലാല്‍ സലാം…