കാലം ഓര്‍ത്ത് പറയേണ്ട പേരുകള്‍; ചേമഞ്ചേരിയിലെ സമരപോരാളി കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായരെക്കുറിച്ച് അറിയാം


സുഹാനി എസ്. കുമാർ

മലബാറില്‍ ഉടനീളം നിരവധി സമരങ്ങൾ ആ കാലഘട്ടത്തില്‍ നടന്നിരുന്നു. ഇന്നത്തെ പുതുതലമുറ അറിയാതെ പോയ നിരവധി പോരാളികള്‍ ജീവിച്ച് പോരാടി മരിച്ച ഒരു മണ്ണ് കൂടിയാണ് ഇത്.

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഹ്വാനത്തിന് ശേഷമാണ് ഈ സംഭവങ്ങള്‍ എല്ലാം ഉണ്ടാകുന്നത്. 1942 ആഗസ്റ്റിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബോംബെ സമ്മേളനം നടക്കുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടില്‍ തിരിച്ചെത്തിയ ചിലരാണ് മലബാറിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. ചേമഞ്ചേരിയിലെ സ്വാതന്ത്രസമര പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന ഒരാളായിരുന്നു കുറത്തിശാലയില്‍ കോട്ട് മാധവന്‍ നായര്‍.

ആയിരത്തിതൊള്ളയിരത്തിമുപ്പതുകളുടെ മധ്യത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്കായി മാധവന്‍ നായര്‍ ബോംബെയ്ക്ക് വണ്ടികയറി. അന്ന് ജോലിക്കായി ഒരുപാട് പേര്‍ മഹാരാഷ്ട്രക്ക് പോകാറുണ്ടായിരുന്നു. വന്‍കിട വ്യവസായങ്ങളുടെ നാട് കൂടിയായ മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രാധാന്യം തുണി മില്ലുകള്‍ക്കാണ്. അത്തരം ഒരു തുണിമില്ലിലെ തെഴിലാളിയാണ് മാധവന്‍ നായര്‍. ഒരുപാട് മലയാളികള്‍ അവിടെ ജോലി ചെയ്തിരുന്നു. അവര്‍ക്കിടയിലെ തൊഴിലാളി സംഘടനകളിലെ പങ്കാളിത്തമാണ് മാധവന്‍ നായരെ നേതൃനിരയിലേക്ക് വളര്‍ത്തിയത്. ക്വിറ്റ് ഇന്ത്യ സമരം രാജ്യമാകെ പടര്‍ന്നപ്പോള്‍ അതിന്റെ ആവേശം അദ്ദേഹത്തിലും അലയടിച്ചു.

നാട്ടിലെ സുഹൃത്തുക്കളായ ചിലരുമായി ക്വിറ്റ് ഇന്ത്യ സമരത്തെക്കുറിച്ച് സംസാരിച്ചാണ് അവര്‍ പുതിയ പ്രതിഷേധമാര്‍ഗം കണ്ടെത്തിയത്. നാട്ടിലെത്തിയ മാധവന്‍ നായരും ഡോ.കെ.ബി.മേനോനും സുഹൃത്തുക്കളായ അപ്പുനായര്‍, മാധവന്‍ കിടാവ് തുടങ്ങിയ മറ്റു ചിലരും ചേര്‍ന്നാണ് ചേമഞ്ചേരിയില്‍ നടന്ന ക്വിറ്റ് ഇന്ത്യ സമരത്തിന് ചുക്കാന്‍ പിടിച്ചത്. തിരുവഞ്ചൂര്‍ അംശ കച്ചേരി, തിരുവങ്ങൂര്‍ ട്രെയിന്‍ ഹാള്‍ട്, ചെമഞ്ചേരി സബ് രജിസ്ട്രാപ്പീസ് എന്നിവ അഗ്‌നിക്കിരായാക്കിയാണ് അവര്‍ തങ്ങളുടെസാമ്രാജ്യത്തവിരുദ്ധത പ്രകടിപ്പിച്ചത്.

അന്നുതന്നെ മാധവന്‍ ബോംബെക്ക് കടന്നു. നേരത്തെ ഉണ്ടായിരുന്ന ജോലിനഷ്ടമായി. പിന്നീട് പല സ്ഥലത്തും പോലീസിന് പിടി കൊടുക്കാതെ ആള്‍മാറാട്ടം നടത്തി ജോലിചെയ്തു. വളരെ കാലം കഴിഞ്ഞാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നത്. എന്നാല്‍ നാട്ടിലെ ജീവിതം വളരെ ദുഷ്‌കരമായിരുന്നു. നല്ല കാലത്ത് ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. തറവാട് ഭാഗം ചെയ്ത് കിട്ടിയ വസ്തു വിറ്റ് ചെറിയ സ്ഥലവും വീടും തരപ്പെടുത്തി അവിടെ താമസമാക്കി.

അദ്ദേഹത്തോടൊപ്പം അന്ന് സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് പെന്‍ഷന്‍, താമ്രപത്രം, ചികിത്സ സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ ഇദ്ദേഹത്തിന് യാതൊരു പരിഗണനയും ലഭിച്ചില്ല. ഇദ്ദേഹത്തിന്റെ അപേക്ഷകള്‍ നിഷ്‌കരുണം തള്ളി കളയുകയാണ് അധികൃതര്‍ ചെയ്തത്. അത്രയും അവഗണനയും,അവഹേളനവും ലഭിച്ച് ആ സമരസേനാനി ആരാലും തിരിഞ്ഞു നോക്കാനില്ലാതെ തൊണ്ണൂറാം വയസ്സില്‍ മരണത്തിന് കീഴ്പ്പെടുകയായിരുന്നു.

summary: Kot Madhavan Nair is known in Chemancherry

 

 


ഈ ലേഖനത്തോടുള്ള അഭിപ്രായം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…