കൃഷിക്കാർക്ക് താങ്ങായി പെരുവണ്ണാമുഴിക്കടുത്തെ കൂത്താളി ജില്ലാ കൃഷി ഫാം ; വിത്തും തൈകളും കാർഷിക ഉത്പന്നങ്ങളും ചെറിയ പൈസയ്ക്ക് വാങ്ങാം


പേരാമ്പ്ര: കൃഷിയോട് താത്പര്യമുള്ളവർക്കും വിത്തും തൈകളും വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്കും കൂത്താളി ജില്ലാ കൃഷി ഫാമിലേക്ക് വരാം. പെരുവണ്ണാമൂഴിക്കടുത്താണ് കൂത്താളി ഫാമുള്ളത്. കൃഷി ചെയ്യാൻ ആവശ്യമായ നല്ല ഇനം വിത്തുകളും തൈകളും ഫലവൃക്ഷത്തൈകളും വളവും മാത്രമല്ല നല്ല ജൈവ കാർഷിക ഉത്പന്നങ്ങളും എല്ലാം ഇവിടെ ലഭിക്കും. പുറത്ത് പ്രൈവറ്റ് നഴ്സറികളിൽ കിട്ടുന്നതിനേക്കാൾ ചെറിയ തുകയ്ക്കാണ് ഇവിടെ വില്പന നടത്തുന്നത്.

പച്ചക്കറി തൈകൾ, ഫലവൃക്ഷ തൈകൾ, തെങ്ങ്, കവുങ്ങിൻ തൈകൾ മാത്രമല്ല ഇൻഡോർ പ്ലാന്റുകൾ വരെ ഇവിടെയുണ്ട്. ഓരോന്നിനും പ്രത്യേകം പരിചരണം നൽകാനും ജോലിക്കാരുണ്ട്. കുറ്റ്യാടി തെങ്ങിൻതൈകൾ വാങ്ങാനാണ് ഇവിടെ കൂടുതലും ആളുകളെത്തുന്നത്. ഫാമിലെത്തിയാൽ കാണാനും അറിയാനും ഒരുപാട് കാഴ്ചകളുണ്ട് . 100 ഏക്കറിൽ പരന്ന് കിടക്കുന്നതാണ് ഫാം. ഓണത്തിന് വേണ്ടിയുള്ള പച്ചക്കറിത്തൈകളും ചെണ്ടുമല്ലിയുമൊക്കെ പോളി ഹൗസുകളിലാണ് തയ്യാറായി കഴിഞ്ഞു.

ജെ എഫും കാസർകോഡൻ കുള്ളനും ഉൾപ്പെടുന്ന 40 ഓളം പശുക്കളുള്ള നല്ലൊരു ഡയറിഫാമും ഇവിടെയുണ്ട്. പശുക്കളെ പരിചരിക്കാനും ആളുകളുണ്ട്. മെഷീൻ ഉപയോ​ഗിച്ചാണ് പാൽ കറക്കുന്നത്. അടുത്തുള്ള സൊസൈറ്റിയിലേക്കാണ് ഈ പാൽ വില്പന നടത്തുന്നത്. ഫാമൊക്കെ നടന്ന് കാണാനും കൃഷി രീതികളെ കുറിച്ച് കൂടുതൽ അറിയാനും ആ​ഗ്രഹമുള്ളവർ മുൻകൂട്ടിയുള്ള പെർമിഷനോടെ വേണം വരാൻ.