രണ്ട് പിടിയാനയടക്കം ഏഴ് ഗജവീരന്മാര്‍, വാദ്യകുലപതികള്‍ അണിനിരക്കുന്ന വാദ്യവിരുന്നും, ക്ഷേത്രകലകളും ഗാനമേളയും; കാളിയാട്ട മഹോത്സവം കെങ്കേമമാക്കാന്‍ ഒരുങ്ങി കൊല്ലം പിഷാരികാവ് ക്ഷേത്രം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ട മഹോത്സവത്തിനുള്ള ആഘോഷപരിപാടികളില്‍ തീരുമാനമായി. മാര്‍ച്ച് 24 മുതല്‍ 31വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. മാര്‍ച്ച് 24ന് കൊടിയേറ്റവും മാര്‍ച്ച് 31ന് കാളിയാട്ടവുമാണ്.

നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജീരന്മാര്‍, കൊടിതോരണങ്ങള്‍, മുത്തുക്കുടകള്‍, ആലവട്ടം, വെണ്‍ചാമരം, വിവിധ വാദ്യമേളങ്ങള്‍, താലപ്പൊലി, കരിമരുന്ന് പ്രയോഗം തുടങ്ങി പതിവുപോലെ നയനമനോഹരമായ കാഴ്ചവട്ടങ്ങളുമായാണ് ഇത്തവണയും കാളിയാട്ട മഹോത്സവം കടന്നുപോകുക. രണ്ട് പിടിയാനകള്‍ ഉള്‍പ്പെടെ ഏഴ് ഗജവീരന്മാരാണ് ഇത്തവണ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത്. കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍, ശ്രീകൃഷ്ണപുരം വിജയ്, ചെത്തല്ലൂര്‍ ദേവീദാസന്‍, കൂറ്റനാട് വിഷ്ണു, ചെറുശ്ശേരി രാജ്, കളിപ്പുരയില്‍ ശ്രീദേവി, പെരുമ്പറമ്പ് കാവേരി എന്നിവരാണ് ചടങ്ങിനെത്തുന്നത്.

വാദ്യമേള പ്രേമികളെ ഒട്ടുംനിരാശപ്പെടുത്താത്ത ആഘോഷപരിപാടിയാവും ഇത്തവണത്തേത്. കൊമ്പ്, ചെണ്ട, കുഴല്‍, ഇലത്താളം ഉള്‍പ്പെടെയുള്ള നാദസ്വരങ്ങളുടെ അകമ്പടി അസ്വാദകമനസില്‍ അനുഭൂതി തീര്‍ക്കും. കലാമണ്ഡലം ശിവദാസന്‍ മാരാര്‍ നയിക്കുന്ന പാണ്ടിമേളം ചെറിയ വിളക്ക് ദിവസം മേളപ്രേമികള്‍ക്ക് വിരുന്നാകും.

വലിയ വിളക്ക് ദിവസം കലാമണ്ഡലം ബലരാമനാണ് ഒന്നാം പന്തിമേള പ്രമാണം തീര്‍ക്കുന്നത്. രണ്ടാം പന്തിമേളപ്രമാണം പത്മശ്രീ മടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തീര്‍ക്കും. കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, ഷിഗിലേഷ് കോവൂര്‍, സച്ചിന്‍രാഥ് കലാലയം, ജനന്നാഥന്‍, കലാമണ്ഡലം സനൂപ്, റിജില്‍ കാഞ്ഞിലശ്ശേരി, സരുണ്‍ മാധവ് പിഷാരികാവ് തുടങ്ങി നിരവധി ചെണ്ട കലാകാരന്മാരും ആഘോഷപരിപാടികള്‍ക്ക് ആവേശമാകും. കൊടിയേറ്റ ദിവസവും വലിയ വിളക്കിനും കാളിയാട്ടത്തിനും മാറ്റ് കൂട്ടാന്‍ വെടിക്കെട്ടുണ്ടാകും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തുക. രാവിലെ പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവുമുണ്ടായിരിക്കും. വിവിധ ഭാഗങ്ങളില്‍ നിന്നും വരവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരവുകളുമുണ്ടാകും.

ഇതിനു പുറമേ ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളന്‍, തായമ്പക, സോപാന സംഗീതം, കേളിക്കൈ, കുഴല്‍പറ്റ്, പാഠകം, നാദസ്വരം, ദേവീസ്തവങ്ങള്‍ തുടങ്ങിയ പരിപാടികളും ഇവിടെ അരങ്ങേറും. ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ മെഗാ ഷോ, ഗാനമേള, നൃത്തനൃത്തങ്ങള്‍, നാടകം എന്നിവയുമുണ്ടാകും.