മികച്ച പോലീസുകാരുണ്ട്; ഇനി കൊയിലാണ്ടിക്ക് വേണ്ടത് നല്ല പോലീസ് സ്റ്റേഷൻ കെട്ടിടം; നടുവണ്ണൂരും പുതിയ സ്റ്റേഷൻ വേണം


കൊയിലാണ്ടി: സമർത്ഥരായ പോലീസുകാരും കൃത്യമായ കേസന്വേഷണവും നടക്കുന്നുണ്ടെങ്കിലും ഇനിയും കൊയിലാണ്ടിക്ക് വേണ്ടത് നല്ല ഒരു പോലീസ് സ്റ്റേഷൻ കെട്ടിടം. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പുതുക്കി പണിയണമെന്ന ആവശ്യവുമായി കേരള പോലീസ് അസോസിയേഷൻ കൊയിലാണ്ടി മേഖല. കോഴിക്കോട് റൂറൽ ജില്ലാ കൊയിലാണ്ടി മേഖല യൂണിറ്റ് സമ്മേളനത്തിലാണ് ആവശ്യം ഉന്നയിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ കെട്ടിടം പുതുക്കിപണിയണമെന്നും സ്റ്റേഷൻ വിഭജിച്ച് നടുവണ്ണൂർ കേന്ദ്രമായി പുതിയ പോലീസ് സ്റ്റേഷൻ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ട്രാഫിക്‌ യൂണിറ്റ്, കാപ്പാട് ടൂറിസം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ലാ ട്രഷറർ സുഗിലേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ ജില്ലാ നിർവ്വാഹക സമിതി അംഗം സീനിയർ സിവിൽ പോലീസ് ഓഫിസർ ശോഭ അദ്ധ്യക്ഷത വഹിച്ചു.

പോലീസ് ഉദ്യോഗസ്ഥരുടെ ചർച്ചകൾക്ക്‌ കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം സജിത്ത് പി.ടി മറുപടി നൽകി. സിവിൽ പോലീസ് ഓഫീസർ സുജേഷ്, ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ്‌, സിവിൽ പോലീസ് ഓഫീസർ സുനിൽ എന്നിവർ സംസാരിച്ചു.