‘ഞങ്ങള്‍ക്ക് പണിക്ക് പോകണ്ടേ..കുടുംബം പോറ്റണ്ടേ..’; മാലിന്യക്കൂമ്പാരമായി തിക്കോടി കോടിക്കല്‍ കടപ്പുറം, മത്സ്യത്തൊഴിലാളികള്‍ വറുതിയില്‍
തിക്കോടി: കോടിക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ കഴിയാതെ വറുതിയിലാണ്. മഴക്കാലമായത് മാത്രം കൊണ്ടല്ല. കടപ്പുറത്ത് ഒരൊറ്റ ബോട്ടും ഇറക്കാന്‍ കഴിയില്ല. കാരണം കടപ്പുറത്ത് ടണ്‍കണക്കിന് മാലിന്യങ്ങള്‍ അടിഞ്ഞുകൂട്ടിയിട്ട് നാല് ദിവസങ്ങളായി.
നാല് വര്‍ഷത്തോളമായി സ്ഥിതി ഇങ്ങനെയാണ്. മഴക്കാലം തുടങ്ങുമ്പോഴേയ്ക്ക് കടപ്പുറത്ത് സ്ഥിരമായി മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയാണ്. കാല് കുത്താന്‍ പോലും സ്ഥലമില്ലാതെ പുളിമൂട്ട് മുതല്‍ മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് കുപ്പികളും ചെരുപ്പുകളും സിറിഞ്ചും പഴയ ബാഗ് തുടങ്ങിയവയാണ് അധികവും.
ശക്തമായ മഴയിലും കടലില്‍ പോകാറുണ്ടെങ്കിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതിനാല്‍ ഇപ്പോള്‍ ബോട്ട് കടലില്‍ ഇറക്കാന്‍ തന്നെ കഴിയുന്നില്ല. ഒരുകാലത്ത് തെരുവുനായ്ക്കളെ കാണാത്ത കടപ്പുറത്ത് ഇപ്പോള്‍ നായ്ക്കളുടെ ശല്യമാണ്. പുളിമൂട്ട് വന്നതിന് ശേഷമാണ് സ്ഥിതി ഇങ്ങനെയായത്. മുന്‍പ് കുറച്ച് മാത്രമേ അടിഞ്ഞുകൂടിയിരുന്നുള്ളു. അന്ന് നാട്ടുകാര്‍ ചേര്‍ന്ന് പണംപിരിവിട്ട് മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റുകയായിരുന്നു.
എന്നാല്‍ ഇത്തവണ അടിഞ്ഞുകൂടിയതിന് കണക്കില്ല. വെറും നാല് ദിവസം കൊണ്ട് കടപ്പുറം ഒന്നാകെ നിറഞ്ഞിരിക്കുകയാണ്. എഴുപതിലധികം ബോട്ടുകളിലായി അഞ്ഞൂറിലധികം മത്സ്യത്തൊഴിലാളികളാണ് ഈ പ്രദേശത്ത് കടലില്‍ പോകുന്നത്. ഇപ്പോള്‍ ഇവരുടെ വറുതിക്കാലമാണ്. ബോട്ട് മാലിന്യത്തിലൂടെ തള്ളി നീക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. മത്സ്യബന്ധനം ഉപേക്ഷിച്ച് മറ്റു ജോലി തേടി അന്വേഷിക്കേണ്ട ഗതിയാണിവര്‍ക്ക്.
അധികതരെ ഭാഗത്ത് നിന്നാവട്ടെ യാതൊരു നടപടിയും ഇല്ല. ഞങ്ങള്‍ക്ക് പണിക്ക് പോകേണ്ടേയെന്നാണ് മത്സ്യത്തൊഴിലാളികള്‍ ചേദിക്കുന്നത്. കഴിഞ്ഞ വര്‍ഷം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നിക്ഷേപിച്ച സ്ഥലത്ത് വീണ്ടും കൊണ്ടിടുകയാണെങ്കില്‍ സ്ഥിതി വഷളാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാലം ശക്തിപ്പെടുന്നതോടെ പല രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ഒരു പുളിമൂട്ട് കൂടി സ്ഥാപികേകണമെന്നും തങ്ങള്‍ക്ക് മിനി ഹാര്‍ബര്‍ നിര്‍മ്മിച്ചു തരണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.