പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുശൗചാലമായി ഉപയോഗിക്കരുത്; ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതെന്നും ഹൈക്കോടതി
കൊച്ചി: സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ ഇടക്കാല ഉത്തരവുമായി കേരള ഹൈക്കോടതി. ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകളുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ദീര്‍ഘ, ഹ്രസ്വ ദൂര യാത്രകളില്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ഉപയോഗിക്കുന്ന നിരവധിപ്പേര്‍ക്ക് ബാധകമാവുന്നതാണ് തീരുമാനം. പെട്രോളിയം ട്രേഡേഴ്‌സ് ആന്‍ഡ് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ തീരുമാനം.
പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതു ശൗചാലയങ്ങളാക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു റിട്ട് ഹര്‍ജി. കേരള സര്‍ക്കാരാണ് കേസില്‍ എതിര്‍സ്ഥാനത്തുള്ളത്. സ്വകാര്യ പമ്പുടമകള്‍ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികള്‍ പൊതുശുചിമുറിയായി മാറ്റാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്.
അവശ്യസാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാനായാണ് പെട്രോള്‍ പമ്പുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചിട്ടുള്ളതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Kerala HC says no to public use of private petrol pump toilets