ഓലയും ഊബറുമൊക്കെ ഇനി മാറി നില്‍ക്കും; കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് ‘കേരള സവാരി’ ഉടനെത്തും; വിശദമായി അറിയാം


തിരുവനന്തപുരം: സ്വകാര്യ കമ്പനികളായ ഓലയുടെയും ഊബറിന്റെയും മാതൃകയില്‍ കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് ഉടന്‍ സേവനം ആരംഭിക്കും. തൊഴില്‍ വകുപ്പിന് കീഴില്‍ തയ്യാറാക്കിയ ‘കേരള സവാരി’ എന്ന ആപ്പാണ് ഈ മാസം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കുക.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് ആദ്യഘട്ടത്തില്‍ കേരള സവാരി സര്‍വ്വീസ് ആരംഭിക്കുക. തലസ്ഥാന നഗരപരിധിയിലെ അഞ്ഞൂറിലേറെ ഓട്ടോറിക്ഷാ-ടാക്‌സി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യാത്രക്കാര്‍ക്കായുള്ള ബുക്കിങ് ആപ്പും തയ്യാറായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.

‘സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര’ എന്നതാണ് കേരള സവാരി ലക്ഷ്യമിടുന്നത്. സര്‍ക്കാറാണ് യാത്രാ നിരക്ക് നിശ്ചയിക്കുന്നത്. എട്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജും ഇതിനൊപ്പം ഈടാക്കും. പൊലീസിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നേടിയ ഡ്രൈവര്‍മാര്‍ മാത്രമാണ് കേരള സവാരിയുടെ ഭാഗമാവുക എന്നത് യാത്രയിലെ സുരക്ഷ ഉറപ്പുവരുത്തുന്നു.

സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തിരക്കനുസരിച്ച് കേരള സവാരിയിലെ യാത്രാനിരക്കില്‍ മാറ്റം ഉണ്ടാകില്ല. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്ലാനിങ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐ.ടി, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പലര്‍ക്കും അറിയില്ലെന്നും ഇന്ധനവില വര്‍ധന കാരണം അല്‍പം കൂലി കൂട്ടി ചോദിച്ചാല്‍ ഇന്ധനവില കൂട്ടിയത് തൊഴിലാളികളാണ് എന്ന മട്ടിലാണ് യാത്രക്കാര്‍ പ്രതികരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, തൊഴിലാളികളുടെ പെരുമാറ്റം ഒരു പ്രധാന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ മേയറായിരുന്നപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച ഓട്ടോറിക്ഷ പ്രീപെയിഡ് കൗണ്ടര്‍ ഇപ്പോഴും മാതൃകാപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് പി.മനോഹര്‍, ഡയറക്ടര്‍ സതീഷ് കുമാര്‍, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കര്‍, എസ്.പി. അങ്കിത് അശോക്, ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസ് (ഐ.ടി.ഐ) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അനില്‍കുമാര്‍, ചീഫ് മാനേജര്‍ ജോണ്‍ സിറിയക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.