ചിരിച്ച മുഖത്തോടെ ആലപ്പുഴയിലേക്ക് ഉല്ലാസയാത്രയ്ക്കായി പോയി, തിരികെയെത്തിയത് നിശ്ചലനായി; കൊയിലാണ്ടിയിൽ ട്രെയിനിടിച്ചു മരിച്ച കായണ്ണ സ്വദേശി മുഹമ്മദ് നിഹാലിന് കണ്ണീരോടെ വിടചൊല്ലി നാട്


ചിരിച്ച മുഖത്തോടെ ആലപ്പുഴയിലേക്ക് ഉല്ലാസയാത്രയ്ക്കായി പോയി, തിരികെയെത്തിയത് നിശ്ചലനായി; കായണ്ണ സ്വദേശി മുഹമ്മദ് നിഹാലിന് കണ്ണീരോടെ വിടചൊല്ലി നാട്


പേരാമ്പ്ര: ഉല്ലാസയാത്ര പോയിട്ട് വരാമെന്ന് ചിരിച്ച മുഖത്തോട് ബന്ധുക്കളോടും സുഹൃത്തക്കളോടും അയല്‍ക്കാരോടും പറഞ്ഞ് യാത്ര പറഞ്ഞിറങ്ങിയതായിരുന്നു മുഹമ്മദ് നിഹാല്‍, എന്നാല്‍ ട്രെയിനിന്റെ രൂപത്തില്‍ മരണം അവനെ കവര്‍ന്നെടുക്കുകയായിരുന്നു. ഇന്നലെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ അപകടത്തിലാണ് നിഹാല്‍ മരണപ്പെട്ടത്.

നിഹാലും നാല് സുഹൃത്തുക്കളും ചേര്‍ന്ന് ആലപ്പുഴയിലേക്ക് വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയതാണ്. പെരുന്നാളിന് പോകാനാഗ്രഹിച്ചിരുന്ന ട്രിപ്പാണ് ഇന്നലത്തേക്ക് മാറ്റിയത്. യാത്രക്കായി പണിക്കും മറ്റും പോയാണ് ഇവര്‍ പണം സമാഹരിച്ചത്. ട്രിപ്പിനായി ഒരുങ്ങിയത് മുതല്‍ കുട്ടുകാരോടും അയല്‍ക്കാരോടുമെല്ലാം വിവരങ്ങള്‍ നിഹാല്‍ പങ്കുവെച്ചിരുന്നു. ഇന്നലെയും ഏറെ സന്തോഷത്തോടെയാണ് അവര്‍ ആലപ്പുഴയിലേക്ക് യാത്രതിരിച്ചതെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു. എന്നാല്‍ രാത്രിയോടെ എല്ലാവരെയും ദു:ഖത്തിലാഴ്ത്തി നിഹാലിന്റെ വിയോഗ വാര്‍ത്തയാണ് എത്തിയത്.

ആലപ്പുഴയിലേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാനായാണ് ഇവര്‍ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. നിഹാലും മറ്റൊരു സുഹൃത്തും റെയില്‍വേ ട്രാക്കിന് സമീപത്ത് നില്‍ക്കുകയായിരുന്നു. ഈ സമയത്ത് ഇരുവശങ്ങളിലേക്കും ട്രെയിന്‍ പോകുന്നുണ്ടായിരുന്നെന്നും കാറ്റിന്റെ ശക്തിയില്‍ നിഹാല്‍ വിഴുകയും അപകടത്തില്‍പെടുകയുമായിരുന്നെന്നുമാണ് ലഭിക്കുന്ന വിവരം. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവര്‍ ഉടനെ നിഹാലിനെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും യാത്രമധ്യേ മരണം സംഭവിക്കുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഖബറടക്കി. നിഹാലിനെ അവസാനമായി ഒരുനോക്കു കാണാനായി നിരവധിപേരാണ് എത്തിയത്. കണ്ണിരണിഞ്ഞാണ് എല്ലാവരു മടങ്ങിയത്.

കായണ്ണ പുല്‍പ്പാറ (കുരിക്കല്‍ കൊല്ലിയില്‍) കുഞ്ഞിമൊയ്തിയുടെയും സൈനബയുടെയും ഇളയ മകനാണ് മുഹമ്മദ് നിഹാല്‍. നബീല്‍, നദീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.