ഉള്ളിയേരി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാവുന്തറ സ്വദേശിയായ യുവാവ് മരിച്ചു


ഉള്ളിയേരി: ഉള്ളിയേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുന്തറ അത്തോളി കുനിയിൽ ഫാമിസ് ആണ് മരണപ്പെട്ടത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

ഇരുപത്തിയൊന്നാം തീയ്യതി വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഉള്ളിയേരി എ.യു.പി സ്കൂളിനും നളന്ദ ആശുപത്രിക്കും ഇടയിൽ വച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വന്നു കൊണ്ടിരുന്ന ബസ് നടുവണ്ണൂർ ഭാഗത്തുനിന്ന് വന്ന ഫാമിസിന്റെ ബൈക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയി.

ഗുരുതരമായി പരിക്കേറ്റ ഫാമിസിനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കവെയാണ് മരണം.

അഷ്റഫും ഷാഹിദയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മുഹമ്മദ് ഹഫാസ്, ഫമൽ. എലമങ്കൽ ജുമാ മസ്ജിദ് ഖബർസഥാനിൽ ഇന്ന് ഖബറടക്കും.