കതിരണി പദ്ധതി 2021-22: മേപ്പയ്യൂർ കേളോത്ത് മുക്ക്-കണ്ടം ചിറ തോട് നവീകരണ പ്രവർത്തനത്തിന് തുടക്കമായി


മേപ്പയ്യൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ വരുന്ന കേളോത്ത് മുക്ക്-കണ്ടം ചിറ തോട് നവീകരണ പ്രവർത്തനത്തിന് വെള്ളിയാഴ്ച തുടക്കമായി. കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പും അഗ്രികൾച്ചർ മെക്കനൈസഷൻ ഡിപ്പാർട്ട്മെൻ്റും കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി സംയോജിച്ചു കൊണ്ട് തരിശ് രഹിത ജില്ലാ കതിരണി 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ നെൽകൃഷി ഉദ്‌പാദനത്തിൽ വലിയൊരു പങ്ക് വഹിച്ചിരുന്ന കണ്ടം ചിറയുടെ പ്രധാന പ്രശ്നമാണ് ഇതോടെ പരിഹരിച്ചത്. കതിരണി പദ്ധതി സാക്ഷ്യാത്കരിച്ചതോടെ നിരവധി നെൽകർഷകർക്ക് നെൽ കൃഷി ചെയ്യാനുള്ള ഊർജവും ഉന്മേഷവും കൈ വന്നിരിക്കുകയാണ്.മേപ്പയൂർ ഗ്രാമപഞ്ചായത്തിൻ്റേയും മേപ്പയൂർ കൃഷിഭവൻ്റേയും നിരന്തര ഇടപെടലുകളാണ് കതിരണി പദ്ധതി പ്രവർത്തികമാക്കിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് വഴിയാണ് കതിരണി പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ അശ്വിനി .ടി.എൻ പദ്ധതി വിശദീകരണം നടത്തി. പാടശേഖര സമിതി സെക്രട്ടറി ഇസ്മയിൽ കമ്മന സ്വാഗതം പറഞ്ഞു.

മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷിത നടുക്കാട്ടിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി.പി.ബിജു, പി.പ്രകാശൻ, കെ.എം.പ്രസീത, സെറീന ഒളോറ, ആസൂത്രണ സമിതി ചെയർമാൻ എൻ.കെ സത്യൻ, മേപ്പയൂർ പഞ്ചായത്ത് കൃഷി അസിസ്റ്റന്റുമാരായ സുഷേണൻ.എസ്, സ്നേഹ .സി.എസ്,പ്രോജക്ട് എഞ്ചിനീയർ ദിതീഷ് എന്നിവർ ആശംസകൾ അറിയിച്ചു.

നെൽ കർഷകരായ ഒ.സുനിൽ, ഇസ്മയിൽ കുനിയത്ത് മീത്തൽ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി പ്രസിഡൻ്റ് എം.ശ്രീധരൻ നന്ദി പറഞ്ഞു.