”കിട്ടിയ പ്രതിഫലത്തേക്കാള്‍, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്‌നേഹവും കുസൃതിയും മനസില്‍ നിറച്ച അമ്മ” വിശ്രമജീവിതത്തിലേക്ക് കടക്കുന്ന അമ്മ വത്സലയ്ക്ക് സ്‌നേഹത്തോടെ മകന്‍ വിജിലേഷ് കാരയാട്
മേപ്പയ്യൂര്‍: ”എവിടെപ്പോയാലും വത്സലേച്യേ എന്ന വിളിയുണ്ടാകും, അതാണ് ഇക്കാലമത്രയും കൊണ്ട് സമ്പാദിച്ചത്” അംഗന്‍വാടി ഹെല്‍പ്പര്‍ ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം തുടങ്ങിയ കാരയാട്ടെ വത്സല പറയുകയാണ്. പറയമ്പത്ത് താഴെ അംഗനവാടിയില്‍ കഴിഞ്ഞ നാല്‍പ്പത്തിയൊന്ന് വര്‍ഷമായി വത്സലയുണ്ട്. എവിടെപ്പോയാലും വത്സലേച്യേ ഓര്‍മ്മയുണ്ടോ എന്നെ എന്ന് ചോദിച്ച് ആളുണ്ടാകും, ചോദിച്ചാല്‍ പറയമ്പത്തെ അംഗന്‍വാടിയില്‍ പഠിച്ചതാണെന്ന് പറയും, ഓര്‍മ്മയിലുള്ള കുഞ്ഞ് മുഖമൊക്കെ മാറി വലിയ ആളായിട്ടുണ്ടാകും, എനിക്ക് ആളെ മനസിലായില്ലെങ്കിലും അവരുടെ മനസില്‍ ഇന്നും ഞാനുണ്ടല്ലോയെന്ന സന്തോഷമാണ്.” വത്സല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇന്നത്തെപ്പോലെ അഭിമുഖമൊന്നും കഴിഞ്ഞ് ജോലിയ്ക്ക് കയറിയതല്ല, താല്‍ക്കാലികമായി ഈ ജോലി ഏറ്റെടുത്തതാണ്. 1984ല്‍. അന്ന് സ്വന്തം കടവരാന്തയില്‍ താല്‍ക്കാലിക സെറ്റപ്പായിരുന്നു അംഗന്‍വാടി, പിന്നീട് അതിന് പിറകിലെ താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറി. ഇന്നത്തെപ്പോലെ ഗ്യാസോ മറ്റ് സൗകര്യങ്ങളോ ഇല്ല. അവിടെയും ഇവിടെയും കയറി വിറക് സംഘടിപ്പിച്ച് കത്തിക്കണം. ആ കാലമൊക്കെ മനസില്‍ മായാതെയുണ്ട് വത്സലയ്ക്ക്.
നടന്‍ വിജിലേഷ് കാരയാട് വത്സലയുടെ മകനാണ്. അമ്മ തനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണെന്ന് പറയുകയാണ് വിജിലേഷ്. ”അമ്പതു രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോള്‍ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാന്‍ മടിച്ചിരുന്ന ജോലിയായിരുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്. പുലര്‍ച്ചെ 4.30 ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കുഞ്ഞുങ്ങള്‍ക്കരികിലേക്കുള്ള ആ ഓട്ടത്തിന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാന്‍ കണ്ടിട്ടുണ്ട്.” വിജിലേഷ് പറയുന്നു.
”ഡിഗ്രി പഠനം ഞാന്‍ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു. തുടര്‍ന്ന് പിജിക്ക് തീയേറ്ററും. തീയേറ്റര്‍ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ കൂടെ നിന്നു. വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാള്‍, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്‌നേഹവും കുസൃതിയുമൊക്കെ അമ്മയില്‍ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. അതില്‍ നിന്ന് ഞങ്ങള്‍ മക്കള്‍ക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം. ഉത്തരവാദിത്വം നിറഞ്ഞതും ഭാരിച്ചതുമായിരുന്നു അമ്മയുടെ ജോലി. അമ്മയെ പോലെ കുഞ്ഞുങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന എല്ലാവരും ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനം വിലയിടാനാകാത്തതാണ്.” അദ്ദേഹം പറയുന്നു.
അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പാട് പരിഗണന നല്‍കുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നതുമാണ്. ഇനിയും കൂടുതല്‍ ശ്രദ്ധ അവര്‍ക്ക് നല്‍കി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ടെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു.
Summary: Karayadu Anganwadi helper Vatsala now enters a life of retirement