‘K-rail പദ്ധതിക്കായി ഭൂമി വിട്ടു കൊടുക്കില്ല, സർക്കാർ പദ്ധതി റദ്ദു ചെയ്യണം’; കിടപ്പാട സംരംക്ഷണ വാഹന ജാഥക്ക് നന്തി ബസാറില്‍ സ്വീകരണം


നന്തി ബസാർ: അഴിയൂരില്‍ നിന്ന് വെങ്ങളത്തേയ്ക്ക് പുറപ്പെട്ട കിടപ്പാട സംരക്ഷണ ജാഥയ്ക്ക് നാരങ്ങോളികുളത്ത് സ്വീകരണം നല്‍കി.

കെ.റെയിൽ പദ്ധതിക്കായി ഭൂമി വിട്ടു കൊടുക്കില്ല, കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിറക്കുക, സമരക്കാർക്കെതിരെയുള്ള കേസ്സുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. പദ്ധതിയുടെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടാനിടയുള്ള സ്ത്രീകളടക്കമുള്ളവര്‍ ജാഥയില്‍ പങ്കെടുത്തു.

ജാഥാ ക്യാപ്റ്റന്‍ രാമചന്ദ്രൻ വരപ്പുറത്തിനെ പ്രവർത്തകർ ഹാരമണിയിച്ചു. കെ.റെയില്‍ അലൈന്‍മെന്‍റ് കടന്നുപോവുന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ചിരട്ടയിൽ ശേഖരിച്ച മണ്ണ് ഓരോരുത്തരിൽ നിന്നും രാമചന്ദ്രന്‍ ഏറ്റു വാങ്ങി.

സമര രംഗത്തുള്ള സിന്ധു ജെയിംസ്, രാമചന്ദ്രൻ വരപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ടി.കെ.നാസ്സർ അദ്ധ്യക്ഷനായി. മുതുകുനി മുഹമ്മദലി സ്വാഗതവും, ഖലിൽ നന്ദിയും പറഞ്ഞു. നിരവധി പ്രവർത്തകരാണ് വാഹനങ്ങളിൽ ജാഥയിയെ അനുഗമിച്ചത്.