‘നഷ്ടമായത് അയല്‍വാസിയെ, കളിക്കൂട്ടുകാരനെ, മികച്ച പൊതുപ്രവര്‍ത്തകനെ’ ; യു രാജീവന്‍ മാസ്റ്ററെ അനുസ്മരിച്ച് മുന്‍ എം.എല്‍.എ കെ.ദാസന്‍


രാജീവന്‍ മാസ്റ്റര്‍ പൊതുരംഗത്ത് വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ വ്യക്തിത്വം ജനങ്ങള്‍ക്കിടയില്‍ വളരെ നല്ല അഭിപ്രായമാണുണ്ടാക്കിയത്. എന്റെ അയല്‍വാസി കൂടിയായിരുന്നു അദ്ദേഹം. ഞാനും അദ്ദേഹവും എല്‍.പി സ്‌കൂള്‍ മുതല്‍ കോളേജ് വരെ ഒന്നായിട്ടാണ് പഠിച്ചത്. യാത്രയിലും ഒരുമിച്ചായിരുന്നു. വിദ്യാഭ്യാസകാലത്ത് കളിക്കൂട്ടുകാരായിരുന്നു.

രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലാണെങ്കിലും വ്യക്തി ബന്ധം എല്ലാകാലത്തും സൂക്ഷിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം സജീവമായി രംഗത്തുണ്ട്. അദ്ദേഹം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് വരെയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സമുന്നനായ നേതാവായിരുന്നു. കൊയിലാണ്ടി നഗരസഭയില്‍ ഞാന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ ക്ഷേമകാകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. തുടര്‍ന്നും അദ്ദേഹം കൗണ്‍സിലറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു തവണ അദ്ദേഹത്തിനെതിരെ മത്സരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ അദ്ദേഹമായിരുന്നു വിജയിച്ചത്. പൊതുവെ കൊയിലാണ്ടിയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിത്വമാണ്. എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു.

അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു. വളരെക്കാലമായി നമ്മളുമായി അടുത്തബന്ധമുള്ള ഒരു വ്യക്തിയുടെ പെട്ടെന്നുള്ള വിടവാങ്ങല്‍ ദു:ഖകരമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിലും കുടുംബത്തിനുംവന്ന നഷ്ടത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നമ്മുടെ നാടിനുമുള്ള നഷ്ടത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു.