‘അൻപതിലധികം വീട്ടുകാർ ഉപയോഗിക്കുന്ന പൊതു കിണർ മൂടിക്കളയുന്നതിന് മുമ്പ് ഒരു വാക്ക് ഞങ്ങളുടെ നാട്ടുകാരോട് സംസാരിക്കാൻ ആരും തയ്യാറായില്ല’; മരളൂരിലെ പൊതുകിണർ നികത്തുന്നതിനെതിരായ സമരത്തിന് ഐക്യദാർഡ്യവുമായി കൊയിലാണ്ടി സ്വദേശിയായ മാധ്യമപ്രവർത്തകൻ അനൂപ് ദാസ്


കൊയിലാണ്ടി: ദാഹജലത്തിനായുള്ള പോരാട്ടമാണ് മരളൂരിൽ നടക്കുന്നത്. തങ്ങൾ വെള്ളത്തിനായി ഉപയോഗിച്ച് കൊണ്ടിരുന്ന കിണർ ഒരു സുപ്രഭാതത്തിൽ മണ്ണിട്ട് നികത്താൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ ആദ്യം അവർ തളർന്നു പോയി.എന്നാൽ വിട്ടു കൊടുക്കാൻ അവർ തയ്യാറല്ല. പോരാടുകയാണ് അവർ, തങ്ങൾക്ക് നീതി കിട്ടും വരെ പോരാടുമെന്ന് ഉറച്ച തീരുമാനത്തിൽ…

ദേശീയപാത ബൈപ്പാസ് കടന്നുപോകുന്നതിന്റെ ഭാഗമായാണ് പനിച്ചിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പൊതു കിണറും മൂടപെടാൻ വിധി വന്നത്. എന്നാൽ ഇതുമൂലം അൻപതോളം കുടുംബാംഗങ്ങളാണ് കഷ്ടത്തിലാവുന്നത്. മരളൂരിലെ കിണറ് മൂടുന്നതിനെതിരെ സമൂഹ മാധ്യമത്തിലൂടെ ശക്തമായി പ്രതികരിക്കുകയാണ് കൊയിലാണ്ടി സ്വദേശിയും പനിച്ചിക്കുന്നിലെ ദീർഘ കാല താമസ്സക്കാരനുമായിരുന്ന മാധ്യമപ്രവർത്തകൻ അനൂപ് ദാസ്.

പൊതു കിണർ നികത്തുന്നതിന് മുൻപ് അവിടുത്തെ ജനങ്ങൾ നേരിട്ട കഷ്ടപ്പാടുകൾ വിവരിച്ചു കൊണ്ടാണ് തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
പിന്നീട് പൊതുകിണർ വന്നതിനു ശേഷം ഇത്രയും വിജയകരമായ മറ്റൊരു കുടിവെള്ള പദ്ധതിയും സമീപ പ്രദേശത്തൊന്നും വന്നിട്ടില്ല എന്നും അനൂപ്‌ ദാസ് പറയുന്നു. പൊതു കിണർ ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിൻ്റെ വിഷയമല്ലേ എന്ന ചോദ്യം അദ്ദേഹം ഉയർത്തുന്നതിനോടൊപ്പം എന്ത് ധൈര്യത്തിലാണ് ടിപ്പർ ലോറികൾ മരളൂരിലെ കിണറ് മൂടാനെത്തുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് അനൂപ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

അനൂപദാസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇടയ്ക്ക് നട്ടുച്ചയ്ക്കോ, ഇരുട്ടു വീഴുമ്പഴോ ആയിരിക്കും നഗരസഭയുടെ ഒരു വണ്ടി കുന്നുകയറിയെത്തുക. ഒരുപാട് നേരമായി ഒഴിഞ്ഞുകിടക്കുന്ന പാത്രങ്ങളുമായി പനിച്ചിക്കുന്നിലെ ആളുകൾ ഓരോരുത്തരായി ധൃതിപ്പെട്ട് വണ്ടിയ്ക്ക് പിറകിലേക്കോടിയെത്തും, വരി നിന്ന് വെള്ളം വാങ്ങി വീടുകളിലേക്ക് തിരിക്കും. പിറ്റേന്ന് ചിലപ്പൊ വണ്ടി വരില്ല, ചിലപ്പോ രണ്ടോ മൂന്നോ ദിവസം വരില്ല. ചോറ് വേവിക്കാനും ദാഹമകറ്റാനുമുള്ള വെള്ളത്തിനായി ആളുകൾ കുന്നിൻ്റെ ചെരുവിലെ വീടുകളിലേക്ക് നടക്കും. ആ ദിവസങ്ങളിൽ കുളിയും തിരുമ്പലുമൊക്കെ വലിയ ബുദ്ധിമുട്ടാണ്.

കുടിവെള്ളത്തിന് വേണ്ടിയുള്ള ഈ നെട്ടോട്ടം അവസാനിച്ചത് നഗരസഭ മരളൂരിൽ ഒരു പൊതുകിണർ നിർമ്മിച്ച് തന്നതോടെയാണ്. അവിടെ പനിച്ചിക്കുന്നിലെ ടാങ്കിലെത്തിക്കുന്ന വെള്ളം ഓരോ പകലിലും കുന്നുമ്മിലെ ചിലയിടങ്ങളിൽ വെച്ച പൈപ്പുകളിലെത്തി. കുറച്ച് കാലം കഴിഞ്ഞ്, ഓരോ വീട്ടിലും പൈപ്പ് വെച്ചു. പിന്നീട് കരണ്ട് പോകുന്ന ദിവസങ്ങളിൽ മാത്രമേ ഞങ്ങൾ വെള്ളത്തിന് ബുദ്ധിമുട്ടാറുള്ളു, ഇടയ്ക്ക് മോട്ടോറ് കേടാകുമ്പോഴും. കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി, എല്ലാ വീട്ടുകാരും ചേർന്ന് ജനകീയ കമ്മറ്റിയുണ്ടാക്കി ആ കുടിവെള്ള പദ്ധതി നന്നായി നടത്തിക്കൊണ്ടു പോകുന്നു. ഇത്രയും വിജയമായ മറ്റൊരു കുടിവെള്ള പദ്ധതി സമീപ പ്രദേശത്തൊന്നും കാണില്ല.

അനൂപ് ദാസ്

ഇതിനിടയിൽ വികസനം വീണ്ടും കുന്നുകയറി. ദേശീയപാതാ ബൈപ്പാസ് പനിച്ചിക്കുന്നിലൂടെ കടന്നു പോകുന്നു. നല്ല കാര്യം, റോഡ് വരട്ടെ. ഈ നാട്ടിലെ എല്ലാവരും പദ്ധതിയുമായി സഹകരിച്ചു. പക്ഷേ പുതിയ റോഡ് പദ്ധതി പനിച്ചിക്കുന്നിൻ്റെ കുടിവെള്ളം മുട്ടിക്കും എന്നതാണ് ഇപ്പഴത്തെ അവസ്ഥ. കുടിവെള്ള പദ്ധതിയുടെ കിണറിന് മുകളിലൂടെയാണ് റോഡ് പോകുന്നത്. റോഡിനായി സ്ഥലം വിട്ടു നൽകിയ വീട്ടുകാരോട് സർക്കാർ സംസാരിക്കുകയും അവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അൻപതിലധികം വീട്ടുകാർ ഉപയോഗിക്കുന്ന പൊതുകിണർ മൂടിക്കളയുന്നതിന് മുൻപ് ഒരു വാക്ക് ഞങ്ങളുടെ നാട്ടുകാരോട് സംസാരിക്കാൻ ആരും തയ്യാറായിട്ടില്ല.

ഒരു പ്രദേശമാകെ ആശ്രയിക്കുന്ന കിണറ് മൂടണം എന്ന അവസ്ഥ വന്നാൽ പകരം സ്ഥായിയായ ബദൽ സംവിധാനം ഒരുക്കി വേണ്ടേ റോഡ് പണിയുമായി മുന്നോട്ടു പോകാൻ? കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മനുഷ്യർ പല ദിവസങ്ങളിലെ പണിമുടക്കി സമരം ചെയ്ത് വേണോ അധികാരികൾക്ക് മനസ്സലിവ് വരാൻ? ഇത് മനസ്സലിവിൻ്റെ പ്രശ്നമാണോ, ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിൻ്റെ വിഷയമല്ലേ? എന്ത് ധൈര്യത്തിലാണ് ടിപ്പർ ലോറികൾ മരളൂരിലെ കിണറ് മൂടാനെത്തുന്നത്?

ഞങ്ങളാ കിണറിന് സംരക്ഷണം തീർക്കുന്നു.
കുട്ടികളുൾപ്പെടെ വലയം തീർക്കുന്നു.
പുരോഗതി സാധ്യമാകേണ്ടത് എല്ലാ മനുഷ്യരേയും പരിഗണിച്ചു കൊണ്ടാണ്.

സമരത്തോട് ഐക്യപ്പെടുക.