നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം: നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ


മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ 29 ന് നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.

കുന്നിൻ ചെരിവിലും താഴ് വാരത്തുമായി താമസിക്കുന്ന കുടുംബങ്ങൾ, അങ്കണവാടി, ആയുർവേദ ആശുപത്രി, കോളനി എന്നിവയിലെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനും കുടിവെള്ള സ്രോതസ്സ് നിലനിർത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍ പ്രദേശത്തില്‍പ്പെട്ട ആറ് ഏക്കറോളം വരുന്ന സ്ഥലത്താണ് ഖനനം നടക്കുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ഇവിടെ നിന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പല നിബന്ധനകളും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സ്വകാര്യ കമ്പനിയായ വാഗാഡിന്റെ നേതൃത്വത്തില്‍ മണ്ണ് ഖനനം നടത്തുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു.

പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം ഹെെക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. അശാസ്ത്രീയവും അനധികൃതവുമായാണ് മണ്ണ് ഖനനം നടത്തുന്നതെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് ഹെെക്കോടതി സ്റ്റേ അനുവദിച്ചത്.