പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദെന്ന് സംശയം; പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി


പേരാമ്പ്ര: രണ്ടാഴ്ച മുമ്പ് പുറക്കാട്ടിരി പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ വീണത് സ്വര്‍ണക്കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവാണെന്ന് സംശയം. പന്തിരിക്കര സുപ്പിക്കടയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദ് ആണ് പുഴയില്‍ വീണതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തി തെളിവെടുത്തു.

 

ജൂലായ് 15-ന് വൈകുന്നേരം കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ട് യുവാക്കള്‍ പുറക്കാട്ടിരി പഴയപാലത്തിന് താഴെ എത്തിയിരുന്നതായി ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. ഒരാള്‍ പുഴയിലേക്ക് വീണതോടെ മറ്റുള്ളവര്‍ കാറില്‍ രക്ഷപ്പെടുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു.  പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ സഞ്ചരിച്ച ചുവപ്പും കറുപ്പും കലര്‍ന്ന കാര്‍ റോഡിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്.

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ കണ്ണൂര്‍ പിണറായി മര്‍ഹബ വീട്ടില്‍ മര്‍സിദി(32)ല്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് തെളിവെടുപ്പെന്നാണ് കരുതുന്നത്. കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മുഹമ്മദ് സാലിഹിന്റെ കൂട്ടാളിയാണ് മര്‍സീദ്.

മേയ് 13-ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ ഇര്‍ഷാദ് 23-ന് വീട്ടില്‍ നിന്നും ജോലിക്കെന്നും പറഞ്ഞ് വയനാട്ടിലേക്ക് പോയ്തിനുശേഷം തിരിച്ചുവന്നിരുന്നില്ല. മകനെ തട്ടികൊണ്ടുപോയതായി കുടുംബത്തിന് സന്ദേശം ലഭിച്ചതോടെയാണ് സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് വ്യക്തമായത്.

പേരാമ്പ്ര എ.എസ്.പി. ടി.കെ. വിഷ്ണു പ്രദീപ്, പെരുവണ്ണാമുടി സി.ഐ. സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പുറക്കാട്ടിരിയില്‍പരിശോധനനടത്തി തെളിവ് ശേഖരിച്ചത്.

summary: it is suspected that irshad was abducted by a gold smuggling group and fell into a mysterous situation in purakkatteri river two week ago