കോടിക്കല്‍ ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം പേരാമ്പ്ര പന്തിരിക്കരയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതോ? ഡി.എന്‍.എ ഫലം ഇന്ന് ലഭിക്കും


പേരാമ്പ്ര: തിക്കോടി കോടിക്കല്‍ ബീച്ചില്‍ ജൂലൈ പതിനേഴിന് കരയ്ക്കടിഞ്ഞ മൃതദേഹം പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേതാണോയെന്ന സംശയങ്ങള്‍ക്ക് ഇന്ന് മറുപടി ലഭിക്കും. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞദിവസം മാതാപിതാക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ഇന്ന് പുറത്തുവരുന്നതോടെ സംഭവവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യമാകും.

ഡി.എന്‍.എ ഫലവുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചുചേർക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതില്‍ സംസാരിക്കുന്നതായിരിക്കുമെന്നാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണച്ചുമതല വഹിക്കുന്ന പേരാമ്പ്ര എ.സി.പി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഡി.എന്‍.എ ഫലം ഇന്ന് വരുമെന്നാണ് അറിഞ്ഞതെന്നും എന്നാല്‍ ഇതുവരെ ഇതുസംബന്ധിച്ച് യാതൊരു വിവരവും തങ്ങള്‍ക്ക് പൊലീസില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാവാമെന്ന സംശയത്തെ തുടര്‍ന്നാണ് ഇന്നലെ സാമ്പിളുകള്‍ ശേഖരിച്ച് ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചത്. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്നുപേരുടെ മൊഴി പ്രകാരം ജൂലൈ പതിനഞ്ചിന് കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍നിന്ന് ഇര്‍ഷാദ് പുഴയില്‍ ചാടിയെന്നാണ് പറയുന്നത്. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി പുഴയിലേക്ക് ചാടുന്നത് കണ്ടതായി നാട്ടുകാരില്‍ ചിലരും മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു പേരെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് പോയ ഇര്‍ഷാദ് മെയ് 14നാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ആറാം തിയ്യതി മുതല്‍ ഇര്‍ഷാദിനെ കാണാനില്ലെന്നും സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി എന്നുമാണ് ബന്ധുക്കളുടെ പരാതി. സ്വര്‍ണം ഷമീര്‍ എന്നയാള്‍ക്ക് കൈമാറിയെന്ന് ഇര്‍ഷാദ് ബന്ധുക്കളെ അറിയിച്ചിരുന്നത്. പരാതി നല്‍കാന്‍ വൈകിയത് ഭയം കാരണമാണെന്നും ഇര്‍ഷാദിന്റെ ജീവന്‍ തന്നെ ഭീഷണിയിലാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ കൈകള്‍ കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കള്‍ക്ക് ലഭിച്ചതോടെയാണ് ഇവര്‍ പരാതി നല്‍കിയത്. ദുബായിലായിരുന്ന ഇര്‍ഷാദ്, നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ കൊടുത്ത് വിട്ട സ്വര്‍ണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് സംഘം നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നാസര്‍ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പ്രദേശത്ത് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് നടന്ന വിവരങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം, കേസിലെ മുഖ്യപ്രതി സ്വാലിഹിനെതിരെ പൊലീസ് പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവാണ് സ്വര്‍ണക്കടത്ത് സംഘത്തിന് തട്ടികൊണ്ടുപോയ ഇര്‍ഷാദിനെ പരിചയപ്പെടുത്തി കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.