പിഷാരികാവിലെ ഭണ്ഡാരം എണ്ണുന്നതിനിടെ പണം മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി


കൊയിലാണ്ടി: പിഷാരികാവിലെ ക്ഷേത്ര ഭണ്ഡാരം എണ്ണുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ട് സസ്‌പെന്റ് ചെയ്യപ്പെട്ട വനിതാ ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് സ്റ്റാഫ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജീവനക്കാരി കുറ്റക്കാരിയല്ലെന്ന് ഡൊമെസ്റ്റിക് എന്‍ക്വയറി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവരെ തിരിച്ചെടുക്കണമെന്നുമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.

പരാതിയില്‍ പറയുന്ന ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇതൊരു കെട്ടിച്ചമച്ച പരാതിയാണെന്നും, വ്യക്തിപരമായും, രാഷ്ട്രീയമായും എന്നോടുള്ള വിരോധം തീര്‍ക്കാനും അപമാനിക്കാനുമാണ് ഇങ്ങിനെ ഒരു പരാതി നല്‍കിയതെന്നും, അതുകൊണ്ട് എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടെങ്കിലും ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി.

മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സംഘടനയായ ഐ.എന്‍.ടി.യു.സി യൂണിയന്റെ ജില്ലാ കമ്മിറ്റിയംഗമാണ് ആരോപണ വിധേയയായ ജീവനക്കാരി. വനിതാ ജീവനക്കാരിയെ വ്യക്തിപരമായി അപമാനിക്കുന്നതിന് ബോധപൂര്‍വം കെട്ടിച്ചമച്ച പരാതിയാണെന്നും ഈ സാഹചര്യത്തില്‍ ജീവനക്കാരിയെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് വി.പി. ഭാസ്‌കരന്‍ അധ്യക്ഷം വഹിച്ചു. എ.ബാലഗോപാല്‍, പി.പ്രസാദ്, മഹേഷ്‌കോമത്ത്, കെ.ദേവദാസ്, ഷാജി.സി, വിനീഷ് കുമാര്‍, വി.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.

.