മീറ്ററും സര്‍വ്വീസ് വയറുമൊന്നും കിട്ടാനില്ല; സബ് ഡിവിഷന് കീഴിൽ കൊയിലാണ്ടി സെക്ഷനിലടക്കം കെ.എസ്.ഇ.ബിയില്‍ പുതിയ കണക്ഷനുകളും അറ്റകുറ്റപ്പണികളും വൈകുന്നു


കൊയിലാണ്ടി: പുതിയ കണക്ഷനുകള്‍ നല്‍കാന്‍ വേണ്ട മീറ്റര്‍, സര്‍വ്വീസ് വയര്‍ തുടങ്ങിയവ കിട്ടാനില്ലാത്തതിനാല്‍ പുതിയ വൈദ്യുതി കണക്ഷനുകള്‍ വൈകുന്നു. വടകര സര്‍ക്കിള്‍ സ്റ്റോറിൽ സാധനങ്ങള്‍ സ്റ്റോക്കില്ലയെന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് കെ.എസ്.ഇ.ബിയിലെ ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

ത്രീഫെയ്‌സ് മീറ്ററുകള്‍ക്കാണ് ദൗര്‍ലഭ്യം നേരിടുന്നത്. ഒരാഴ്ചയിലധികമായി സാധനങ്ങള്‍ എത്തിയിട്ടില്ല. സാധാരണയായി വടകരയിലെ സര്‍ക്കിള്‍ സര്‍ക്കിള്‍ സ്റ്റോറിൽ നിന്നും അതത് സെക്ഷനുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുവരാറാണ് പതിവ്. എന്നാല്‍ സെക്ഷന്‍ ഓഫീസില്‍ ഇവ സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സാധനങ്ങള്‍ എപ്പോള്‍ എത്തുമെന്നതിനെക്കുറിച്ചും ഇവര്‍ക്ക് ധാരണയില്ല.

പുതിയ കണക്ഷനുകള്‍ക്ക് പുറമേ കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപനിക്കുന്ന ജോലികളും പെന്റിങ്ങിലാണെന്ന് ജീവനക്കാര്‍ പറയുന്നു. ത്രീഫെയ്‌സും സിംഗിള്‍ ഫെയ്‌സും അടക്കും 43 മൂന്ന് കണക്ഷനുകളാണ് ഇന്നത്തെ കണക്ക് അനുസരിച്ച് കൊയിലാണ്ടി സബ് ഡിവിഷന് കീഴില്‍ പെന്റിങ് ഉള്ളത്. സര്‍വ്വീസ് വയര്‍ (ഡബ്ല്യു.പി വയര്‍) ഇന്നലെത്തോടെ തീര്‍ന്നതാണ് സിംഗിള്‍ ഫെയ്‌സ് കൂടി മുടങ്ങാന്‍ കാരണമായത്. ത്രീഫെയ്‌സ് മീറ്ററുകളുടെ ഷോട്ടേജ് ഒരുമാസത്തിലേറെയായി തുടരുകയാണ് എന്നാണ് ജീവനക്കാര്‍ പറയുന്നത്.

കൃത്യമായി കണക്ഷന്‍ കൊടുക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഇത്രയേറെ കണക്ഷനുകള്‍ പെന്റിങ്ങിലാവുന്ന സ്ഥിതിയുണ്ടാവാറില്ല. സാധാരണ ഒന്നോ രണ്ടോ കണക്ഷന്‍ മാത്രം പെന്റിങ് വരുന്നിടത്താണിതെന്നും ജീവനക്കാര്‍ പറയുന്നു.

ഇവയ്ക്ക് പുറമേ പോസ്റ്റുകളുടെയും ലഭ്യത കുറഞ്ഞിട്ടുണ്ടെന്നും മഴ ശക്തമായതോടെ ഇത് വൈദ്യുതി വിതരണത്തെ പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു. ഒരുമാസം പതിനഞ്ചോ ഇരുപതോ പോസ്റ്റുകള്‍ മാത്രമാണ് എത്തുന്നത്. മഴയെത്തുടര്‍ന്ന് പലയിടത്തും മരങ്ങള്‍ വീണും മറ്റും പോസ്റ്റുകള്‍ മുറിഞ്ഞുവീഴുന്നത് പതിവായിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അന്നന്ന് പരിഹരിക്കപ്പെട്ടാലേ വൈദ്യുതി വിതരണം സുഗമമാകൂവെന്നും ജീവനക്കാര്‍ വ്യക്തമാക്കി.