കരുതല്‍ നഷ്ടമാകുന്നു, വീണ്ടും കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന, ജില്ലയില്‍ പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നു


കോഴിക്കോട്: ജില്ലയില്‍ പനിക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുന്നു. കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ മാറ്റം വന്നിട്ടുണ്ട്. കരുതല്‍ ഇല്ലാതാകുന്നതാണ് ഇതിന് കാരണമാകുന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞതോടെ മുഖാവരണം ഒട്ടുമിക്കവരും പാടേ ഉപേക്ഷിച്ചു. ഇതും അസുഖം വ്യാപിക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

പനിബാധിച്ച് ദിവസം ശരാശരി 2000 പേര്‍ ആശുപത്രികളിലെത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്നതിനേക്കാള്‍ 150-200 പേരുടെ വര്‍ധനയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. തിങ്കളാഴ്ച 2084 പേരാണ് ചികിത്സതേടിയത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ പത്തുവരെ ശരാശരി 1000-1500 പേരൊക്കെയാണ് എത്തിയിരുന്നത്. ഈമാസം 29,330-ല്‍ ഏറെപ്പേര്‍ പനിയെത്തുടര്‍ന്ന് ആശുപത്രികളിലെത്തി. ചിലര്‍ക്ക് കിടത്തിച്ചികിത്സയും വേണ്ടിവരുന്നുണ്ട്.

പനി ഇല്ലെങ്കിലും ചുമ, തൊണ്ടവേദന, കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങളാണ് ഏറെയും. അസുഖം മാറാനും താമസമെടുക്കുന്നുണ്ട്. കുട്ടികളില്‍ കൂടെക്കൂടെ ഇത്തരം പ്രശ്‌നം വരുന്നുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പനിയുമായിവരുന്നവരുടെ എണ്ണത്തില്‍ ചെറിയ വര്‍ധനയുണ്ട്. കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.

summary: increase in the number of people affected by covid again, in Kozhikode district