നെല്ല്യാടിയില്‍ ഒരുക്കുന്നത് ഉത്തരവാദിത്ത ടൂറിസത്തിനുള്ള മികച്ച പ്രോജക്ട്; കൊയിലാണ്ടി നെല്ല്യാടി പുഴയോരം ടൂറിസത്തിന് ബജറ്റില്‍ അനുവദിച്ചത് രണ്ടുകോടി


കൊല്ലം: കൊയിലാണ്ടി- നെല്ല്യാടി മേഖലയിലെ ഗ്രാമീണ ആകര്‍ഷണങ്ങളും, പ്രകൃതി ഭംഗിയുമെല്ലാം ഉള്‍പ്പെടുത്തി ഉത്തരവാദിത്ത ടൂറിസത്തിനായി നല്‍കിയ പദ്ധതിയ്ക്ക് സര്‍ക്കാറിന്റെ പിന്തുണ ലഭിച്ചിരിക്കുകയാണ്. രണ്ടുകോടി രൂപയാണ് ബജറ്റില്‍ ഈ മേഖലയിലെ ടൂറിസം വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. ടൂറിസം ക്ലബ് രൂപീകരിച്ച് മികച്ച പ്രോജക്ട് തയ്യാറാക്കി പ്രദേശത്തുകാര്‍ നടത്തിയ ഇടപെടലിന്റെ വിജയം കൂടിയാണിത്.

35 യൂണിറ്റുകളുള്ള ടൂറിസം പ്രോജക്ടാണ് സര്‍ക്കാറിനു മുമ്പാകെ നല്‍കിയതെന്ന് ടൂറിസം ക്ലബ് സെക്രട്ടറി ദയാനന്ദന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഓലമടയല്‍, മണ്‍പാത്ര നിര്‍മ്മാണം തുടങ്ങിയ ഗ്രാമീണ ആകര്‍ഷണങ്ങള്‍, കൊയിലാണ്ടി മേഖലയിലെ കാവുകളെ ഉള്‍പ്പെടുത്തിയുള്ള തീര്‍ത്ഥാടന ടൂറിസം, നെല്ല്യാടി പുഴയുടെ ആകര്‍ഷണം, എഴുപതുവര്‍ഷത്തിലേറെ പ്രായമുള്ള ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകള്‍, കണ്ടലിനു സമീപത്തുള്ള പക്ഷിനിരീക്ഷണം, കനാല്‍ ടൂറിസം സാധ്യത, കയാക്കിങ്, പെഡല്‍ ബോട്ടിങ്, ശിക്കാര ബോട്ടിങ്, ശിക്കാര ബോട്ടിലെ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍, ബിനാലെ മോഡലിലുള്ള ആര്‍ട്ട് എക്‌സിബിഷനുകള്‍, മിനി മൈക്രോ ഐ.ടി പാര്‍ക്ക് തുടങ്ങിയ വിഭാവനം ചെയ്യുന്നുണ്ട്.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ പാറപ്പള്ളി, പിഷാരികാവ്, കടുക്കുഴി, കേളപ്പജി സ്മാരകമന്ദിരം, കാപ്പാട്, ഇരിങ്ങല്‍, അകലാപ്പുഴ എന്നിവയെയെല്ലാം സംയോജിപ്പിച്ചുള്ള ഒരു ഗ്രാമീണ ഉത്തരവാദിത്ത ടൂറിസമാണ് ഇവിടെ ലക്ഷ്യമിടുന്നത്.

നെല്ല്യാടിയിലെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞവര്‍ ചേര്‍ന്ന് രൂപീകരിച്ച ടൂറിസം ക്ലബ്ബാണ് ഇത്തരമൊരു പ്രോജക്ടിനു പിന്നില്‍. മുന്‍ എം.എല്‍.എ കെ. ദാസനാണ് ടൂറിസം ക്ലബ്ബിന്റെ ചെയര്‍മാന്‍. ടൂറിസം സാധ്യതകള്‍ പരിശോധിച്ച ക്ലബ് വിശദമായ പദ്ധതി തയ്യാറാക്കുകയും എം.എല്‍.എ, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് ഇത് സമര്‍പ്പിക്കുകയും ചെയ്തിരുന്നെന്ന് കെ. ദാസന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ‘ടൂറിസം മന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. അദ്ദേഹവും നല്ല പിന്തുണ നല്‍കി. എം.എല്‍.എയ്ക്ക് ഈ കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിനു മുമ്പാകെ നിര്‍ദേശംവെച്ചതും ബഡ്ജറ്റില്‍ തുക അനുവദിച്ചതും.’ അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത്. കൂടുതല്‍ എന്തെങ്കിലും ഉള്‍പ്പെടുത്തണമോയെന്ന് പരിശോധിച്ച് ഡി.പി.ആര്‍ തയ്യാറാക്കുകയാണ് അടുത്ത ഘട്ടമെന്നും കെ. ദാസന്‍ പറഞ്ഞു.