മഴക്കാലമല്ലേ.. വീട്ടിൽ മടിപിടിച്ച് ഇരിക്കാതെ കാഴ്ചകൾ കാണാൻ ഇറങ്ങിയാലോ; ഒരൊറ്റ ട്രിപ്പിൽ കാണാം തൊട്ടിൽപ്പാലത്തെ മനംകുളിർപ്പിക്കുന്ന രണ്ട് വെള്ളച്ചാട്ടങ്ങൾ
തൊട്ടിൽപ്പാലം: മഴക്കാലം വീട്ടിൽ മടിപിടിച്ചിരിക്കാനുള്ളതല്ല. നല്ല പ്രകൃതിരമണീയമായ കാഴ്ചകൾ കാണാൻ ഇറങ്ങാനുള്ളതാണ് ഈ മഴക്കാലം. അധികം ദൂരേക്ക് ഒന്നും ട്രാവൽ ചെയ്യാതെ ചുരുങ്ങിയ ചെലവിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളുണ്ട് തൊട്ടിൽപ്പാലത്ത്.തൊട്ടിൽപ്പാലത്തിൽ നിന്ന് മാനന്തവാടി റോഡിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പട്ട്യാട്ട് എത്തും. ഇവിടെ ഒരു അടിപൊളി വ്യൂ പൊയിന്റുണ്ട്. പട്ട്യാട്ട് വെള്ളച്ചാട്ടം.
വയനാടൻ മലനിരകളിൽ നിന്നുള്ള വെള്ളം ശക്തിയായി താഴേക്ക് പതിക്കുമ്പോൾ പാൽ നുരപോലെ തോന്നും. വെള്ളം ശക്തിയായി പതിച്ച് പാറക്കല്ലുകൾക്കൊക്കെ പ്രകൃതി രൂപമാറ്റം നൽകിയിട്ടുണ്ട്. ഉരൽ പോലെ ചില പാറകളൊക്കെ ഉള്ളത്.മഴക്കാലമായതിനാൽ അപകട സാധ്യത കണക്കിലെടുത്ത് ഇവിടെ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയുമ്പോൾ ഇത് വഴി യാത്ര ചെയ്യുന്നവരൊക്കെ ഇവിടെ ഇറങ്ങി ഉല്ലസിച്ചിട്ടാണ് പോകാറ്. ഈ വ്യൂ പോയിന്റിന് അടുത്തായി 3 ടീ സ്പോട്ടുകൾ ഉണ്ട്. ഇവിടുന്ന് ഒരു ചായയൊക്കെ വാങ്ങി കുടിച്ച് വ്യൂ ആസ്വദിച്ച് യാത്ര തുടരാം.
പട്ട്യാട്ട് നിന്ന് ഒരു പത്ത് മിനിട്ട് സഞ്ചരിച്ചാൽ കാവിലും പാറ പഞ്ചായത്തിലെ ചാത്തങ്കോട്ടുനടയിലെത്താം. ചാത്തങ്കോട്ടു നട പ്രത്യേക വൈബുള്ള ഒരു സ്ഥലമാണ്. രണ്ട് സൈഡും റബ്ബറും മറ്റ് വൻ മരങ്ങളുള്ള കാടും അതിന് നടുവിലൂടെ ഒരു റോഡും. ഈ റോഡ് ചെന്നെത്തുന്നത് ചാപ്പൻത്തോട്ടം വെള്ളച്ചാട്ടത്തിലേക്കാണ്. നമ്മുടെ കോഴിക്കോട് ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ പ്രകൃതി ഒളിപ്പിച്ചിരുന്നോ എന്ന് അത്ഭുതം തോന്നും വിധമാണ് ഇവിടുത്തെ കാഴ്ചകൾ. ഒരു തവണ ചാപ്പൻത്തോട്ടം വെള്ളച്ചാട്ടം കാണാൻ വന്നവർ വീണ്ടും വരും. പാറക്കെട്ടുകളിൽ ശക്തിയായി പതിക്കുന്ന വെള്ളത്തിന്റെ ശബ്ദം കാതടിപ്പിക്കും.
അവധി ദിവസങ്ങളിൽ നിരവധിയാളുകൾ ഇവിടെ എത്താറുണ്ട്. ഫോട്ടോഷൂട്ടും വെള്ളച്ചാട്ടത്തിലെ കുളിയും ഒക്കെയായി ഇവിടെ ചെലവഴിക്കാം. ഇവിടെ ആകെയുള്ളത് ഒരു ചെറിയ തട്ടുകടയാണ്. ഉച്ചയ്ക്ക് ശേഷം മാത്രമേ ഈ കട തുറക്കുകയുള്ളു. ഭക്ഷണം കഴിക്കാനൊന്നും അടുത്ത് വലിയ സ്പോട്ടുകളൊന്നുമില്ല. മഴക്കാലം ആസ്വദിക്കാൻ ആഗ്രഹമുള്ളവർക്ക് ഇങ്ങോട്ടേക്ക് വണ്ടി കയറാം.