വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം അടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്നു, ​ഗ്യാസ് തുറന്നിട്ട് തീ കൊടുത്തു; ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ


കട്ടപ്പന: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടി അവശയാക്കിയശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ചെന്ന സംഭവത്തിൽ അയല്‍വാസി പിടിയില്‍. പള്ളിക്കവല കുമ്പിടിയാമാക്കല്‍ ചിന്നമ്മ (64) യെയാണ് ബുധനാഴ്ച വീടിനുള്ളില്‍ പാചകവാതകത്തിന് തീപിടിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപകടമരണം അല്ലെങ്കില്‍ ആത്മഹത്യ എന്നാണ് പോലീസ് ആദ്യം കരുതിയത്. മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷമാണ് പ്രതി വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസിനെ (സജി-54) പോലീസ് കന്പത്തുനിന്ന് അറസ്റ്റുചെയ്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അയല്‍വാസിയായ ഇയാളോട് ചിന്നമ്മ കയറിയിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് പോയി. പിന്നാലെയെത്തിയ പ്രതി കൊരണ്ടിപ്പലകകൊണ്ട് ചിന്നമ്മയെ അടിച്ചുവീഴ്ത്തി. ചോരയില്‍ കുളിച്ച് നിലത്തുവീണ ചിന്നമ്മയുടെ മാലയും വളയും ഊരിയെടുത്തു. പ്രതിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ചിന്നമ്മ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്കുബെല്‍റ്റുകാരനായ സജി അതെല്ലാം തടഞ്ഞു. ചിന്നമ്മയെ വാക്കത്തികൊണ്ട് വെട്ടി. ബോധരഹിതയായ ചിന്നമ്മയുടെ ദേഹത്തേക്ക് അടുത്തമുറിയില്‍നിന്ന് തുണികളും ബുക്കുകളും കൊണ്ടുവന്നിട്ടാണ് തീകൊളുത്തിയത്.

ചൂട് അടിച്ചതോടെ, ചിന്നമ്മ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അപ്പോള്‍ വാക്കത്തികൊണ്ട് തലക്കടിച്ചു. പിന്നീട് ഗ്യാസുകുറ്റിയുടെ കുഴല്‍, അടുപ്പില്‍നിന്ന് മുറിച്ചുമാറ്റി ചിന്നമ്മയുടെ അടുത്തേയ്ക്കുവെച്ചു. റെഗുലേറ്റര്‍ തുറന്നിട്ടിട്ട് പ്രതി പുറത്തേക്ക് ചാടി. ചിന്നമ്മയുടെ ദേഹം എണ്‍പതുശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതകം നടന്ന ദിവസം ചിന്നമ്മയുടെ ആഭരണങ്ങള്‍ തടിയമ്പാട്ടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയംവെച്ചു. കിട്ടിയ ഒന്നേകാല്‍ലക്ഷം രൂപയുമായി സജി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

പരിശോധനയ്ക്കിടെ പോലീസ് നായ, ആദ്യം സജിയുടെ വീട്ടിലേക്കാണ് ഓടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടിച്ചത്. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്റെ നേതൃത്വത്തില്‍, സി.ഐ.മാരായ എ. അജിത്ത്, വിശാല്‍ ജോണ്‍സണ്‍, വി.എസ്.നവാസ്, ബി.എസ്.ബിനു, എസ്.ഐ.മാരായ സജിമോന്‍ ജോസഫ്, അഗസ്റ്റിന്‍, ബെന്നി ബേബി, കെ.എം.ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.