മഴയിങ്ങെത്തി, ആശങ്കകളും; കിണർ വെള്ളം മലിനമാവാതെ സൂക്ഷിച്ചാൽ ഒഴിവാക്കാം അസുഖങ്ങളെ


കൊയിലാണ്ടി: മഴയിങ്ങെത്തി, അസുഖങ്ങളും. മഴ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ ജാഗ്രത പാലിക്കേണ്ടുന്ന വിഷയങ്ങളും അനവധിയാണ്. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ കാലവർഷം ശക്തിപ്പെട്ടാൽ വീട്ടിലെ കിണർവെള്ളം മലിനമാകാതെ നോക്കണേ. മഞ്ഞപിത്തം,കോളറ,ടൈഫോയ്ഡ്, വയറുകടി എന്നീ ജലജന്യരോഗങ്ങൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവം ഒരു വലിയ കാരണമാണ്.

ശുദ്ധജലത്തിന്റെ ഗുണനിലവാരത്തിനും സാരമായ വ്യതിയാനങ്ങൾ സംഭവിക്കാം. മുൻസിപ്പൽ ആക്‌ട് പ്രകാരം കിണറും സെപ്ടിക് ടാങ്കും തമ്മിലുള്ള അകലം ഏഴരമീറ്ററാണ്. ഈ ദൂരപരിധി കുറവായതിനാൽ കിണർവെള്ളത്തിൽ കോളിഫോം ബാക്ടീരിയ, ഇ.കോളി എന്നിവയും സാനിദ്ധ്യം പ്രകടമാകും.

കിണർ വെള്ളം മലിനമാകാതെ സൂക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ:

മഴക്കാലത്തിന് മുൻപ് തന്നെ കിണർ നന്നായി വൃത്തിയാക്കണം.

കിണറിന് സമീപം ഓവുചാലോ കുഴികളോ ഉണ്ടെങ്കിൽ അതിൽനിന്ന് കലക്ക് വെള്ളം കിണറിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം.വെള്ളം കലങ്ങുകയാണെങ്കിൽ അലൂമിനിയം സൾഫേറ്റ് ഉപയോഗിച്ച്‌ കലക്ക് ഒഴിവാക്കാം.

ബ്ലീച്ചിങ് പൗ‌ഡർ ഉപയോഗിച്ചും കിണർ ശുദ്ധമാക്കാം. ആയിരം ലിറ്റർ വെള്ളത്തിലേക്ക് അ‌ഞ്ചുഗ്രാം ബ്ലീച്ചിംഗ് പൗഡറാണ് ഉപയോഗിക്കേണ്ടത്. പൗഡർ ബക്കറ്റിലെ വെള്ളത്തിലിട്ട് നന്നായി ഇളക്കണം. അരമണിക്കൂർ കഴിഞ്ഞ് ഊറിയ ക്ലോറിൻ ലായനിയാണ് കിണറിലേക്ക് ഒഴിക്കേണ്ടത്. ശേഷം 12 മണിക്കൂർ കഴിഞ്ഞ് വെള്ളം ഉപയോഗിക്കാം.

കിണർ വെള്ളത്തിലെ നിറം, ദുർഗന്ധം അകറ്റുവാൻ ചിരട്ടകരിയോ ചാർക്കോളോ ഉപയോഗിക്കാം.

കിണർ വൃത്തിയാക്കിയ ശേഷം വെള്ളം ഉപയോഗിക്കന്നതിനു മുമ്പ് കുറച്ച് സാമ്പിളെടുത്ത് ഒരു ലാബറട്ടറിയിൽ പരിശോധനയ്ക്കു നൽകുന്നത് നല്ലതാണ്.

നിരന്തരം ഉപയോഗിക്കുന്ന കിണറാണെങ്കിലും ആറ് മാസം കൂടുമ്പോൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കുന്നതു നല്ലതാണ്.