കീഴരിയൂരിൽ വീട് തകർന്നു, കുറ്റ്യാടിയിൽ 23 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു; മലയോര മേഖലകളിൽ ഭീതിവിതച്ച് കനത്ത മഴ തുടരുന്നു


പേരാമ്പ്ര: ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ ഓറഞ്ച് അലേർട്ടാണ് നിലനിൽക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഇന്നലെ മുതൽ ശക്തമായ മഴയാണ്. ഇതിനെ തുടർന്ന് പല പ്രദേശങ്ങളിലും ക്യാമ്പുകൾ തുറന്നു. മണ്ണിടിച്ചൽ, ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മുൻകരുതലിന്റെ ഭാ​ഗമായാണ് ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ ശക്തമായ മഴ തുടരാനാണ് സാധ്യത.

ഇന്നലെയും ഇന്നും ശക്തമായ മഴയാണ് കൂരാച്ചുണ്ട്, കക്കയം ഭാ​ഗങ്ങളിൽ പെയ്തത്. കഴിഞ്ഞ മണിക്കൂറുകളിൽ 52 എം.എം മഴയാണ് ഈ ഭാ​ഗത്ത് ലഭിച്ചത്. ഇപ്പോഴും മഴ തുടരുകയാണ്. ഉരുൾപ്പൊട്ടൽ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് നേരത്തെ മാറ്റിയിരുന്നു. പഞ്ചായത്തിലെ രണ്ട് ക്യാമ്പുകളിലായി നിലവിൽ 78 പേരാണ് കഴിയുന്നത്. ചക്കിട്ടപ്പാറയിലെ മുതുകാടും രണ്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 62 പേരാണ് ഇവിടെ ക്യാമ്പിലുള്ളത്. നിലവിൽ പുതിയ ക്യാമ്പുകളൊന്നും പ്രദേശത്ത് ആരംഭിച്ചിട്ടില്ല. കീഴരിയൂർ വില്ലേജിൽ ശക്തമായ മഴയിൽ ഒരു വീട് ഭാഗികമായി തകർന്നു. ചെറുവത്ത്‌മീത്തൽ മാധവിയുടെ വീടാണ് തകർന്നത്.

കുറ്റ്യാടി മലയോരങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പ്രദേശത്തെ കാവിലുംപാറ വള്ളുവൻകുന്നിൽ നിന്നും ഏഴ് കുടുംബങ്ങളെ തൊട്ടിൽപ്പാലം ബഡ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുറ്റ്യാടി ചുരം മേഖല, മീൻപറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റി താമസിപ്പിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പത്തിന് മുകളിൽ ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിച്ചു വരുന്നത്.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചുണ്ട്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Summary: House collapses in Keezhariyur, 23 families relocated in Kuttiyadi; Heavy rains continue to hilly areas