സംസ്ഥാനത്തെ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഒക്ടോബര്‍ ഒന്നിനും രണ്ടിനും തുറക്കില്ല


കോഴിക്കോട്: സംസ്ഥാനത്തെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ ഒക്ടോബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ തുറക്കില്ല. അര്‍ധവാര്‍ഷിക കണക്കെടുപ്പും ഗാന്ധിജയന്തിയും പ്രമാണിച്ചാണ് അവധി. കണക്കെടുപ്പിനായി സെപ്റ്റംബര്‍ 30 ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ പിന്നെ തുറക്കുക ഒക്ടോബര്‍ മൂന്നിനാണ്.

സെപ്റ്റംബര്‍ 30 ന് ഏഴ് മണിക്ക് ആരംഭിക്കുന്ന അര്‍ധവാര്‍ഷിക കണക്കെടുപ്പ് ഒക്ടോബര്‍ ഒന്നിനും തുടരും. കണക്കെടുപ്പ് സമയത്ത് സ്റ്റോക്ക് പരിശോധനയും സ്‌റ്റോക്ക് ക്ലിയറന്‍സും നടക്കും.

ഒക്ടോബര്‍ ഒന്നിന് കണക്കെടുപ്പ് അവസാനിക്കുമെങ്കിലും ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ അടുത്ത ദിവസവും അടഞ്ഞു തന്നെ കിടക്കും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായതിനാലാണ് ഒക്ടോബര്‍ രണ്ടിന് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.