സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ മൂന്നിന് അവധി


കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മൂന്നിന് അവധി പ്രഖ്യാപിച്ചു. ദുര്‍ഗാഷ്ടമി ദിനം പ്രമാണിച്ചാണ് അവധി. പ്രൊഫഷണല്‍ കൊളേജുകള്‍ക്കും ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പ് ഒക്ടോബര്‍ രണ്ടിന് ആണ് നടത്തുക. ഇതിനെത്തുടർന്ന് മൂന്നാം തിയതി തിങ്കളാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

നിലവില്‍ ഒക്ടോബർ നാല്, അഞ്ച് തീയതികളില്‍ സര്‍ക്കാര്‍ അവധിയാണ്. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പൂജപ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് കൂടി അവധി നല്‍കിയതോടെ ഫലത്തില്‍ അടുത്തയാഴ്ച മൂന്ന് ദിവസം അവധി ലഭിക്കും.

മൂന്നാം തീയതിയിലെ അവധിക്കു പകരം മറ്റേതെങ്കിലും ദിവസം പ്രവര്‍ത്തിദിനമാക്കുന്ന കാര്യം അതത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് അറിയിപ്പ്.