അപകടം പതിയിരിക്കുന്നു, മീൻ പിടിക്കാൻ പോകല്ലേ… ശക്തമായ കാറ്റ്, മോശം കാലാവസ്ഥ, ഉയർന്ന തിരമാല; മത്സ്യത്തൊഴിലാളികൾക്കും കടൽത്തീരത്ത് താമസിക്കുന്നവർക്കുമുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ഇങ്ങനെ


കൊയിലാണ്ടി: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

നാളെ രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകി. മൂന്ന് മുതൽ മൂന്നര മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനാണ് സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും കടൽത്തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് മാറിത്താമസിക്കാൻ അധികൃതർ നിർദ്ദേശിച്ചാൽ അത് പാലിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ജനങ്ങൾ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദസാധ്യതയുണ്ടെന്നും തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..