കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയില്‍ ഒളിക്യാമറ: പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍


കോഴിക്കോട്: രാമനാട്ടുകരയില്‍ ഹോട്ടലിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി തുഫൈല്‍ രാജ (20) ആണ് അറസ്റ്റിലായത്.

രാമനാട്ടുകരയിലെ പൈരഡൈസ് ഹോട്ടലില്‍ ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ശുചിമുറിയിലെ ക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. ഭര്‍ത്താവിനൊപ്പം ഹോട്ടലില്‍ എത്തിയ യുവതി ശുചിമുറിയില്‍ കയറിയപ്പോള്‍ ജനലില്‍ വെള്ള പേപ്പര്‍ പൊതുഞ്ഞുവെച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എടുത്ത് പരിശോധിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ക്യാമറ തുറന്നുവെച്ച നിലയിലായിരുന്നു.

ഫോണ്‍ എടുത്ത് വിവരം ഹോട്ടല്‍ ഉടമയെ അറിയിച്ച യുവതി തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഒന്നരമാസം മുമ്പാണ് ഇയാള്‍ ഹോട്ടലില്‍ ജോലിക്കെത്തിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.