സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട് ഉൾപ്പടെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നി‍ർദേശമുണ്ട്. മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയുണ്ട്. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പെരിയാറിൻറെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവർക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.