ശക്തമായ മഴ തുടരുന്നു; ജില്ലയില് ക്വാറികളുടെ പ്രവര്ത്തനം, കിണര് നിര്മ്മാണ പ്രവര്ത്തനങ്ങൾ തുടങ്ങിയവ താല്ക്കാലികമായി നിര്ത്തി വെച്ചു
കോഴിക്കോട്: ജില്ലയില് ക്വാറികളുടെ പ്രവര്ത്തനം, മണ്ണെടുക്കല്, ഖനനം, കിണര് നിര്മ്മാണ പ്രവര്ത്തനങ്ങള്, മണലെടുക്കല് എന്നിവ താല്ക്കാലികമായി നിര്ത്തിവെച്ച് ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര് സ്‌നേഹില് കുമാര് സിംഗ് ഉത്തരവിട്ടു.
കനത്ത മഴ തുടരുന്നതിനാലും റെഡ് അലേര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളച്ചാട്ടങ്ങള്, നദീതീരങ്ങള്, ബീച്ചുകള് ഉള്പ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുളള പ്രവേശനവും പൂര്ണ്ണമായി നിരോധിച്ചു. ഉരുള്പൊട്ടല് ഭീഷണി നിലനില്ക്കുന്ന മലയോര പ്രദേശങ്ങള്, ചുരം മേഖലകള് എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതല് രാവിലെ ഏഴ് വരെ അടിയന്തിര യാത്രകള് അല്ലാത്തവ ഒഴിവാക്കണമെന്നും ഉത്തരവില് പറയുന്നു.