അരവണ്ണം കൂടുന്നുണ്ടോ? നിസാരമായി കാണല്ലേ… ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമായേക്കാം, വിശദാംശങ്ങൾ


ന്നത്തെക്കാലത്ത് അരവണ്ണം കൂടുന്നത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്.

അടിവയറ്റിൽ കൊഴുപ്പടിയുന്നത് അരവണ്ണം വല്ലാതെ കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ പല ആരോ​ഗ്യ പ്രശ്നങ്ങളുടെയും മുന്നറിയിപ്പ് കൂടിയാണിത്. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനയും പ്രതിരോധവും ആവശ്യമാണെന്ന് ഡോക്ടർമാർ തന്നെ പറയുന്നു.

യഥാക്രമം 80, 90 സെന്റിമീറ്ററുകളാണ് സ്ത്രീകളിലും പുരുഷന്മാരിലും പരമാവധി ആകാവുന്ന അരവണ്ണം. ഇതിന് മുകളിലേക്കുള്ള അരയുടെ വണ്ണം ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം പോലെ പല ആരോഗ്യ പ്രശ്നങ്ങളുടെയും സാധ്യത വർധിപ്പിക്കുമെന്ന് ഇന്ദ്രപ്സഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റും ഡയബറ്റോളജിസ്റ്റുമായ ഡോ. സുഭാഷ് കുമാർ വാഗ്നൂ പറയുന്നു. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്.

അമിതമായ കൊഴുപ്പ് സൈറ്റോകീനുകൾ, അഡിപ്പോസൈറ്റോകീനുകൾ പോലുള്ള പലതരം കെമിക്കലുകളുടെ സംഭരണിയാണ്. ഇതിലെ അഡിപ്പോസൈറ്റോകീനുകൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റൊരു കെമിക്കലായ അഡിപ്പോനെക്റ്റിന്റെ തോത് അടിവയറ്റിൽ കൊഴുപ്പ് അടിയും തോറും കുറഞ്ഞു കൊണ്ടിരിക്കും.

ഇൻസുലിൻ പ്രതിരോധം പ്രമേഹത്തിന് കാരണമാകുക മാത്രമല്ല കൊളസ്ട്രോളിന്റെ ചയാപചയത്തെയും ബാധിക്കുമെന്ന് ഡോ. സുഭാഷ് ചൂണ്ടിക്കാട്ടി. ഇത് ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ തോത് ഉയരാൻ കാരണമാകും.

ജീവിതശൈലീ മാറ്റങ്ങളിലൂടെ അരവണ്ണം ഫലപ്രദമായി കുറയ്ക്കാൻ സാധിക്കും. ആരോഗ്യപ്രദമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി ഉപേക്ഷിക്കൽ എന്നിവ ഗുണം ചെയ്യും. ടൈപ്പ് 2 പ്രമേഹ രോഗികൾ മെറ്റ്ഫോർമിൻ കഴിക്കുന്നത് അരവണ്ണം കുറയാൻ സഹായിക്കുമെന്നും ഡോ. സുഭാഷ് കൂട്ടിച്ചേർത്തു.

Summary: large waistline risk of diabetes heart disease