കൊല്ലം പിഷാരികാവിലെ കാളിയാട്ടം വിളിച്ചറിയിക്കലും നാന്തകത്തിലെ ഉണ്ടമാലയും ഗോവിന്ദപിഷാരടിയുടെ ചരിത്രത്തിന്റെ കൂടി ഭാഗമായിരുന്നു


കൊയിലാണ്ടി: തളിയില്‍ ഗോവിന്ദപ്പിഷാരടിയെന്നാല്‍ കൊല്ലത്തുകാര്‍ക്ക് പിഷാരികാവ് കാളിയാട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഭാഗമാണ്. വര്‍ഷങ്ങളോളം കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ തിയ്യതി പ്രദേശവാസികള്‍ അറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെയാണ്.

കുംഭമാസം പത്താം തിയ്യതി (ഞായര്‍, ചൊവ്വ, വെള്ളി ദിവസമാണെങ്കില്‍) ആണ് പിഷാരികാവ് ക്ഷേത്രത്തിലെ കളിയാട്ടം കുറിക്കല്‍ ചടങ്ങു നടക്കുന്നത്. രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്ാരുടെ തറയില്‍വെച്ച് പ്രശ്‌നംവെച്ച് തിയ്യതി കുറിയ്ക്കുമെങ്കിലും അത് പ്രദേശവാസികള്‍ അറിയുക അത്താഴപൂജയ്ക്കുശേഷമാണ്. ഭക്തര്‍ കാത്തിരിക്കുന്ന ആ നാളുകള്‍ വിളിച്ചറിയിക്കുകയെന്ന കടമ കാലങ്ങളായി നിര്‍വഹിച്ചിരുന്നത് ഷാരടി കുടുംബത്തിലെ അംഗമാണ്. ആറ് വര്‍ഷം മുമ്പുവരെ ആ ചടങ്ങ് വര്‍ഷാവര്‍ഷം നിര്‍വഹിച്ചിരുന്നത് ഷാരടി കുടുംബത്തിലെ അംഗമായ ഗോവിന്ദ പിഷാരടിയായിരുന്നു.

ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രനടയിലെത്തുന്ന വലിയവിളക്കിന് രാത്രിയും കാളിയാട്ടത്തിനും എഴുന്നള്ളിക്കുന്ന നാന്തകത്തില്‍ ചാര്‍ത്താനുള്ള ഉണ്ടമാല കെട്ടിക്കൊണ്ടിരിക്കുന്നതും ഗോവിന്ദപിഷാരടിയാണ്. ഒന്നുംരണ്ടും വര്‍ഷക്കാലമല്ല, ആയുസിന്റെ പകുതിയിലേറെക്കാലം. കൊല്ലം ചിറയ്ക്ക് സമീപമുളള തളിയിലാണ് ഗോവിന്ദപിഷാരടി താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഷാരടി കുടുംബത്തിലെ ആരും കാളിയാട്ടം വിളിച്ചറിയിച്ചിട്ടില്ല.

ഗോവിന്ദപ്പിഷാരടിയുടെ ഏഴാം ചരമവാര്‍ഷിക ദിനമായ ഇന്ന് പിഷാരികാവ് ക്ഷേത്രം മറ്റൊരു കാളിയാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ്. എങ്കില്‍കൂടി ഗോവിന്ദപിഷാരടിയെ ഓര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ അറിയുന്നവരും ഇന്ന് ക്ഷേത്രപരിസരത്ത് ഒത്തുകൂടുന്നുണ്ട്.