തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം


കരുതിയിരിക്കണം എച്ച്3എന്‍2വിനെ
ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്3എന്‍2 ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം ധ്രുതഗതിയില്‍ പടര്‍ന്ന് പിടിക്കുന്ന ഈ വൈറസ് രോഗം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സമാന ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ഇവയുടെ  ലക്ഷണങ്ങളാണ്.
കുട്ടികളില്‍ സാധ്യതയേറെ

എച്ച്3എന്‍2 കുട്ടികളില്‍ ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരിലുള്ളതിനേക്കാള്‍ അധികമാണ്. പനി, ജലദോഷം, നല്ല മൂക്കടപ്പ്, മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറ്റിളക്കം എന്നീ പ്രശ്നങ്ങളെല്ലാം കുട്ടികളില്‍ കണ്ടാല്‍ സാധാരണ ജലദോഷപ്പനിയാണെന്ന് ധരിച്ച് കുട്ടികളില്‍ ഹോം റെമഡികള്‍ പരീക്ഷിക്കുന്ന മാതാപിതാക്കളും ഏറെയാണ്.
വീടുകളില്‍ അടങ്ങിയൊതുങ്ങി ഇരിക്കാത്ത കുട്ടികള്‍ കളിക്കാനും പഠനത്തിനുമൊക്കെയായി പോകുമ്പോള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ഇടയുണ്ട്. ഇത്തരം സമ്പര്‍ക്കങ്ങള്‍ വഴി രോഗം കിട്ടാനും രോഗവ്യാപനം നടക്കാനും അവസരമൊരുങ്ങുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ കുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ച് വേണ്ട ചികിത്സ നല്‍കുകയാണ് പ്രധാനം.
രോഗസാധ്യത ഒഴിവാക്കാന്‍ കുട്ടികളെ ശീലിപ്പിക്കേണ്ടതും മാതാപിതാക്കള്‍ ചെയ്യേണ്ടതും
കുട്ടികളില്‍ കണ്ടുവരുന്ന എച്ച്3എന്‍2 വൈറസ് ബാധയ്‌ക്കെതിരെ ഇപ്പോള്‍ വാക്‌സിനേഷന്‍ ലഭ്യമാണ്. ആറ് മാസമായ കുട്ടികള്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ അസുഖത്തിനെതിരെ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിക്കാനുള്ള സംവിധാനമുണ്ട്.എന്നാല്‍ പ്രതിരോധ കുത്തിവെപ്പ്കൊണ്ട് മാത്രം രോഗത്തെ തുരത്താനാകില്ല. ആരോഗ്യ കാര്യങ്ങളിലും ജീവിത ശൈലിയിലും കുറേക്കൂടി ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്.
കൃത്യമായ ഇടവേളകളില്‍ കൈ ഹാന്റ്വാഷ് ഉപയോഗിച്ച് കഴുകണം പ്രത്യേകിച്ച് കുട്ടികള്‍ പുറത്ത്‌പോയി കളിച്ച് വന്നാല്‍ സോപ്പിട്ട് കൈകഴുകുന്നത് ശീലമാക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം മൂക്ക് പൊത്തിപ്പിടിച്ച് തുമ്മാന്‍ കുട്ടികളെ പഠിപ്പിക്കണം. ഇത് മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാന്‍ സഹായിക്കും. അതുപോലെ, ഈ അസുഖം ഉള്ളവരില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുന്നതും നല്ലതാണ്.

മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യത്തില്‍ ജാഗരൂകരായിരിക്കണം. അവരില്‍ എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചാല്‍ അത് എന്ത് അസുഖമാണെന്ന് ആശുപത്രിയിലെത്തി പരിശോധിക്കണം കൂടാതെ, കൃത്യമായി ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കേണ്ടതും അത്യാവശ്യമാണ്.കുട്ടികള്‍ക്ക് ശ്വാസതടസ്സം, നല്ല പനി, എന്നിവ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതിരിക്കുക. കൃത്യസമയത്ത് ചികിത്സ നല്‍കിയാല്‍ ഒരാഴ്ചകൊണ്ട് നിങ്ങള്‍ക്ക് അസുഖം ഭേദമാക്കി എടുക്കാന്‍ സാധിക്കുന്നതാണ്.